പി.എസ്.സി പരിശീലന കേന്ദ്രങ്ങളില്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ ക്ലാസെടുക്കുന്നു ; തെളിവുകള്‍ വിജിലന്‍സിന് ; പുറത്തുവരുന്നത് വന്‍ തട്ടിപ്പുകള്‍

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ പി.എസ്.സി കോച്ചിംഗ് സെന്‍ററിൽ പരിശീലനം നൽകുന്നുണ്ടെന്ന തെളിവുകൾ വിജിലൻസിന്. പി.എസ്‍.സി കോച്ചിംഗ് സെന്‍ററുകളിൽ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പ് തെളിഞ്ഞത്. ഇതോടെ കെ.എ.എസ് പരീക്ഷയുടെ സുതാര്യത തന്നെ സംശയത്തിന്‍റെ നിഴലിലായി.
തിരുവനന്തപുരം തമ്പാനൂരിലെ പി.എസ്‌.സി പരിശീലന  കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സെക്രട്ടേറിയറ്റ് സർക്കാരിന്‍റെ സുപ്രധാന ജീവനക്കാർ  ഓഫീസുകളിൽ ജോലി നോക്കുന്നവരാണ് പരിശീലനം നൽകുന്നത്. ഇതോടെ കെ.എ.എസ് ചോദ്യപേപ്പർ ചോർന്നെന്ന സംശയം കൂടുതൽ ബലപ്പെട്ടു. അജ്ഞാത പരാതിയുടെ അടിസ്ഥാനത്തിൽ പൊതുഭരണ വകുപ്പ് സെക്രട്ടറി നൽകിയ നിർദേശവും തിടുക്കത്തിലുള്ള വിജിലൻസ് പരിശോധനയും സംശയം ബലപ്പെടുത്തുന്നു. വിജിലൻസ് ഇന്ന് നടത്തിയ പരിശോധനയിൽ നിരവധി പി.എസ്‌.സി പരീക്ഷാകേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ ക്ലാസ് എടുക്കുന്നുണ്ടെന്ന് തെളിഞ്ഞു.
ശമ്പള രജിസ്റ്റർ ഉൾപ്പെടെ പ്രധാന രേഖകൾ പി.എസ്.സി പരീക്ഷ പരിശീലന കേന്ദ്രങ്ങളിൽ ഇല്ല. വിജിലൻസ് റെയ്ഡ് മുൻകൂട്ടി അറിഞ്ഞ ഇവർ ശമ്പള രജിസ്റ്റർ അടക്കം മാറ്റിയെന്നാണ് സംശയം. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിൽ ജോലി ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പി.എസ്.സിയിലെ രഹസ്യ സ്വഭാവമുള്ള സെക്ഷനിൽ അടക്കം ജോലി ചെയ്യുന്നവരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങളിൽ നടത്തിയ  വിജിലൻസ് പരിശോധനയില്‍ ഉദ്യോഗസ്ഥർ ഇവിടെ പരിശീലനം നൽകുന്നുണ്ടെന്ന് തെളിഞ്ഞു. ഇടത് സർവീസ് സംഘടനയോട്  അനുഭാവമുള്ള ഇവർ സ്വാധീനം ചെലുത്തി അന്വേഷണം അട്ടിമറിക്കുമോ എന്ന ആശങ്കയുമുണ്ട്.
pscSecretariat
Comments (0)
Add Comment