സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ടല്ല ; സർക്കാർ വാദം തള്ളി വീണ്ടും റിപ്പോർട്ട്

Jaihind News Bureau
Monday, November 9, 2020

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനു പിന്നില്‍ ഷോര്‍ട്‌ സര്‍ക്യൂട്ടല്ലെന്ന് കെമിസ്ട്രി വിഭാഗത്തിന്‍റെയും  ഫോറന്‍സിക് റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായ ഭാഗത്ത് നിന്നും കുറച്ച് മാറി മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഷോര്‍ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്നു നേരത്തെ ഫിസിക്സ് വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ഓഗസ്റ്റ് 25 ന് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. കേസ് അട്ടിമറിക്കാൻ ഫയലുകൾ കത്തിച്ചതാകാമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്  സർക്കാർ വാദം തള്ളി വീണ്ടും ഫോറൻസിക് റിപ്പോർട്ട് പുറത്തുവരുന്നത്.

ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടില്ല എന്ന ഫോറൻസിക് റിപ്പോർട്ട് സർക്കാറിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ്. ഫയലുകൾ കത്തിനശിച്ച തീപിടിത്തം സംബന്ധിച്ച്  ദുരൂഹത ഏറുമ്പോൾ  പ്രോട്ടോക്കോൾ ഓഫീസിൽ എങ്ങനെ മദ്യകുപ്പികൾ എത്തി എന്നതു സംബന്ധിച്ചാകും ഇനി അന്വേഷണം നീളുക.