സെക്രട്ടറിയേറ്റിലെ തീപിടുത്തം : മുഖ്യമന്ത്രിയെ വിളിച്ചു വരുത്തണം; തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ഇടപെടണം : ഗവർണറോട് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, August 26, 2020

സെക്രട്ടറിയേറ്റിലെ തീപിടുത്തം സ്വർണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാനാണെന്ന് ആരോപിച്ച് യുഡിഎഫ് കരിദിനം ആചരിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചു വരുത്തണമെന്നും തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ഗവർണർ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സെക്രട്ടറിയേറ്റിലെ പ്രൊട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടിത്തം എൻ.ഐ.എ അന്വേഷിക്കണം, തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യു ഡി എഫ് കരിദിനം ആചരിച്ചത്.

സെക്രട്ടറിയേറ്റിലെ തീപിടിത്തം ആസൂത്രിതമാണ്. സ്വർണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാനാണ് തീവെച്ചത്. ഫയലുകൾ മുഴുവൻ നശിപ്പിച്ചത് മുഖ്യമന്ത്രിയേയും സ്വപ്നയേയും ശിവശങ്കറിനേയും രക്ഷിക്കാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയെ ഗവർണ്ണർ വിളിച്ച്‌ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രോട്ടോക്കോൾ ലംഘനം, റെഡ്‌ ക്രിസന്‍റ്‌ കോഴ എന്നീ വിഷയങ്ങളിൽ സർക്കാരിനോട്‌ റിപ്പോർട്ട്‌ തേടണം.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അവിശ്വാസ് മേത്തയായി മാറിയെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. അധോലോക ഭരണമാണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി വിശദീകരണം തേടണമെന്ന് ഗവർണർക്ക് കത്ത് നൽകിയതായും പ്രതിപക്ഷനേതാവ് പറഞ്ഞു.

എം.എൽ.എമാരായ വി.എസ് ശിവകുമാർ, കെ.എസ് ശബരിനാഥൻ, വി.ടി ബൽറാം, ഡിസിസി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനൽ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

teevandi enkile ennodu para