തദ്ദേശ തെരഞ്ഞെടുപ്പിൻറെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; അഞ്ച് ജില്ലകൾ പോളിങ് ബൂത്തിലേക്ക്

Jaihind News Bureau
Wednesday, December 9, 2020

തദ്ദേശതെരഞ്ഞെടുപ്പിൻറെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 5 ജില്ലകളിലാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിച്ചതോടെ ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിൻറേതാണ്. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാർ. 98 ട്രാൻസ്‌ജെൻറേഴ്‌സും 265 പ്രവാസി ഭാരതീയരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോർപ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്.

രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. ഇതിനായി 12,643 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. 473 പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗും ഏർപ്പെടുത്തി. 5 ജില്ലകളിലായി 63000 ത്തോളം ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.

കൊവിഡ് പോസിറ്റീവ് ആയവർക്കും ക്വാറൻറൈനിൽ പോയവർക്കും ഇന്ന് വൈകീട്ട് മൂന്ന് മണി മുതൽ നാളെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ ആരോഗ്യ വകുപ്പിൻറെ സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ാം വാർഡ്, തൃശൂർ കോർപ്പറേഷനിലെ 47ാം ഡിവിഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. പോളിംങ് ബൂത്തുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പോളിംങ് സാമഗ്രികളുടെ വിതരണം അഞ്ച് ജില്ലകളിലും ഇന്ന് രാവിലെ ആരംഭിക്കും