ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Jaihind News Bureau
Friday, January 17, 2020

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ. ആദ്യമത്സരം പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഉച്ചയ്ക്ക് 1.30നാണ് മത്സരം.

ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഓസ്‌ട്രേലിയ ഇറങ്ങുമ്പോൾ സ്വന്തം നാട്ടിൽ പരമ്പര കൈവിടാതിരിക്കാനുള്ള ജയത്തിനായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ തുടർച്ചയായി രണ്ട് ഏകദിന പരന്പര സ്വന്തം നാട്ടിൽ നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. കഴിഞ്ഞ വർഷം ഇന്ത്യ 3-2ന് ഓസ്‌ട്രേലിയയ്ക്കു മുന്നിൽ പരന്പര അടിയറവച്ചിരുന്നു.

ഇന്നുകൂടി ജയിച്ചാൽ കിരീടം സ്വന്തമാക്കാമെന്നതിനാൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഓസ്‌ട്രേലിയൻ ടീം.ആദ്യ മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബാറ്റിങ് ലൈനപ്പിൽ നാലാമത് ഇറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്ഥിരം സ്ഥാനമായ വൺഡൗൺ പൊസിഷനിൽ ഇന്ന് തിരിച്ചെത്തുമെന്നാണ് സൂചന. ആദ്യ മത്സരത്തിൽ നാലാം സ്ഥാനത്ത് ഇറങ്ങിയ കോഹ്ലിയുടെ നടപടി വൻ വിമർശനത്തിനു കാരണമായിരുന്നു.
മുംബൈ ഏകദിനത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇന്ന് ഉണ്ടാകില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. മനീഷ് പാണ്ടെയാകും പന്തിനു പകരം ടീമിലെത്തുക.

ആൾ റൗണ്ടർ ശിവം ദുബെ, കേദാർ ജാദവ് എന്നിവരിൽ ഒരാളെ ഇന്ന് കളിപ്പിക്കാൻ സാദ്ധ്യതയുണ്ട്. മുംബൈയിൽ ഇന്ത്യയെ നാണം കെടുത്തിയതിൻറെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. ഡേവിഡ് വാർണറുടെയും ക്യാപ്റ്റൻ ആരോൺ ഫിഞ്ചിൻറെയും സെഞ്ചുറികളുടെ മികവിലായിരുന്നു ഓസീസിൻറെ തകർപ്പൻ ജയം. ഫിഞ്ചിനെയും വാർണറെയും തടയാൻ കഴിയാതിരുന്ന ബൗളിംഗ് നിര ഇന്ത്യക്ക് തലവേദനയാണ്. പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷാമിയും നിരാശപ്പെടുത്തി. ഡേ-നൈറ്റ് ആയി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുക.