രാജ്യം വാക്സിന്‍ ക്ഷാമത്തില്‍, ഇപ്പോഴും കയറ്റുമതി തുടരുന്നു ; ഇത് മോദി നിർമിത ദുരന്തമെന്ന് മമത

Jaihind Webdesk
Wednesday, April 21, 2021

കൊല്‍ക്കത്ത : രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായിരിക്കുമ്പോഴും മതിയായ വാക്സിനോ പ്രാണവായുവോ കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോഴും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. കൊവിഡിന്‍റെ രണ്ടാം തരംഗം മോദി നിര്‍മിത ദുരന്തമാണെന്ന് മമത വിമര്‍ശിച്ചു. ദക്ഷിണ്‍ ദിനജ്പുര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മമതയുടെ കടന്നാക്രമണം.

വൈറസിന്‍റെ രണ്ടാം തരംഗം കൂടുതല്‍ തീവ്രമാണ്. ഇത് മോദി നിര്‍മിത ദുരന്തമാണെന്ന് താന്‍ പറയും. രാജ്യത്ത് വാക്‌സിനും മരുന്നുകള്‍ക്കും ക്ഷാമം നേരിടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇവയെല്ലാം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണെന്നും മമത കുറ്റപ്പെടുത്തി. എവിടെയും ഓക്‌സിജന്‍ പോലും കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്. നിലവിലെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്നും മമത ആവശ്യപ്പെട്ടു.

ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ ഇങ്ങോട്ടെത്തിച്ച് ബിജെപി ഇവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ത്തുകയാണെന്നും മമത ആരോപിച്ചു. ബംഗാളിനെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇത്.  മോദിയുടെ ഇരട്ട എന്‍ജിനില്‍ ബംഗാള്‍ ഓടില്ലെന്നും മമത പരിഹസിച്ചു.