അസ്ലൻ ഷാ ഹോക്കി ടൂർണമെന്‍റ് : ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം; മലേഷ്യയെ പരാജയപ്പെടുത്തിയത് രണ്ടിനെതിരെ നാലു ഗോളുകൾക്ക്


അസ്ലൻ ഷാ ഹോക്കി ടൂർണമെന്‍റിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം.  ആതിഥേയരായ മലേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ജയത്തോടെ ടൂർണമെന്‍റിൽ ഫൈനൽ സാധ്യത ഇന്ത്യ വർധിപ്പിച്ചു.

മലേഷ്യക്കെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും ഗുണംചെയ്യില്ലെന്ന് മന്ദീപ്‌സിങ്ങിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമിന് അറിയാമായിരുന്നു. അതിനാൽ തുടക്കത്തിൽത്തന്നെ ആക്രമിച്ചുകളിച്ചു. സിമ്രാൻജീത്‌സിങ്ങും സുമിതും തുടക്കത്തിൽ കിട്ടിയ അവസരങ്ങൾ നഷ്ടപ്പെടുത്തി.

പതിനേഴാം മിനിറ്റിൽ സുമിതിലൂടെ ഇന്ത്യ ലീഡ് നേടി. നാലു മിനിറ്റിനുള്ളിൽ മലേഷ്യ ഗോൾ മടക്കിയെങ്കിലും സുമീത്കുമാർ ലീഡുയർത്തി.

ആവേശകരമായ മത്സരത്തിന്റെ ആദ്യപകുതിയിൽ ഇന്ത്യ 2–1ന് മുന്നിലായിരുന്നു. ഇടവേളയ്ക്കുശേഷം സമനിലനേടാനുള്ള അവസരങ്ങൾ മലേഷ്യ നഷ്ടപ്പെടുത്തി. പെനൽറ്റി കോർണറുകൾ ലക്ഷ്യത്തിലെത്തിക്കാനായില്ല. അവസാനനിമിഷം ഗോൾ വഴങ്ങുകയെന്ന സ്ഥിരം ദൗർബല്യമുള്ളതിനാൽ കരുതലോടെയാണ് ഇന്ത്യ കളിച്ചത്. അവസാനനിമിഷം ഗോളടിച്ച് മന്ദീപ്‌സിങ് വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ ഇന്ത്യക്കും ദക്ഷിണകൊറിയക്കും ഏഴു പോയിന്റായി. മലേഷ്യയും കനഡയും ആറു പോയിന്റുമായി തൊട്ടടുത്തുണ്ട്. ഇന്ത്യ ഇന്ന് നിർണായക മത്സരത്തിൽ കനഡയെ നേരിടും.

Sultan Azlan Shah Cup 2019
Comments (0)
Add Comment