ശൈത്യം കനത്തു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്; ഡൽഹിയിൽ നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ അതിശൈത്യം

Jaihind News Bureau
Monday, December 30, 2019

ശൈത്യം കനത്തതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനുവരി മൂന്നുവരെയാണ് റെഡ് അലർട്ട് . നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ അതിശൈത്യമാണ് ഡൽഹിയിൽ ഇക്കുറി അനുഭവപ്പെടുന്നത്.

അതിശൈത്യം തുടരുന്നതിനാൽ അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിലും താഴാനിടയുള്ളതിനാലാണ് ജനുവരി മൂന്നുവരെ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതി ശൈത്യമാണ് ഡൽഹിയിൽ ഇക്കുറി അനുഭവപ്പെടുന്നത്.
.ഇന്നലെ ഡൽഹിയിൽ 1.4 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ജനുവരി മൂന്നു വരെ ഇതേ സ്ഥിതി തുടരാനാണ് സാധ്യത. കാറ്റും ശക്തമായത് കണക്കിലെടുത്താണ് ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പലയിടങ്ങളിലും അടുത്തു നിൽക്കുന്നയാളെ പോലും കാണാനാകാത്ത വിധത്തിൽ മൂടൽമഞ്ഞ് നിറഞ്ഞു നിൽക്കുകയാണ്.

റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ കനത്ത മഞ്ഞ് സാരമായി ബാധിച്ചു. കാഴ്ചപരിധി 50 മീറ്ററിന് താഴെ വന്നതോടെ നിരവധി വിമാന സർവിസുകൾ വഴി തിരിച്ചുവിട്ടു. 24 ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ശനിയാഴ്ച ഡൽഹി-ജയ്പുർ ദേശീയ പാതയിൽ 12 വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു.