തിരുവനന്തപുരം: തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി എൻ. ജോയിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസത്തില്‍. ദേശീയ ദുരന്തനിവാരണ സേനയുടെ 30 അംഗ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. റോബോട്ടിനെയും ഉപയോഗപ്പെടുത്തിയാണ് തിരച്ചില്‍.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശിയായ ജോയിയെ മാലിന്യക്കൂമ്പാരത്തില്‍ (47) കാണാതായത്. റെയിൽവേസ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാൻ തോടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെ 11 മണിയോടെയായിരുന്നു സംഭവം. മാലിന്യം നീക്കാൻ റെയിൽവേയുടെ കരാർ ഏറ്റെടുത്ത ഏജൻസിയുടെ താൽക്കാലിക തൊഴിലാളിയാണ് ജോയി. ശക്തമായ മഴയിൽ തോട്ടില്‍ വെള്ളം ഉയർന്നതോടെ ഒഴുക്കില്‍ പെടുകയായിരുന്നു.
രാത്രി റോബോട്ടുകളെ എത്തിച്ചു നടത്തിയ തിരച്ചിലിലും ജോയിയെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ ജെൻ റോബോട്ടിക്സ് കമ്പനിയുടെ രണ്ടു റോബട്ടുകളെ എത്തിച്ചാണ് തിരച്ചിൽ നടത്തിയത്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് അടിയിലുള്ള ടണലിന്‍റെ മറുകരയിലും സ്കൂബാ സംഘം പരിശോധന നടത്തിയിരുന്നു. രാത്രി നിർത്തിവെച്ച തിരച്ചില്‍ രാവിലെ പുനഃരാരംഭിച്ചിട്ടുണ്ട്.