‘ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണം, നിസ്കാരം തടയരുത്’; സുപ്രീം കോടതി

Jaihind Webdesk
Tuesday, May 17, 2022

Supreme-Court

 

ന്യൂഡൽഹി: ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. അതേസമയം മുസ്‌ലീങ്ങൾക്ക് പ്രാർത്ഥന നിർവഹിക്കുന്നതിന് യാതൊരു തടസവും പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞു.  ഇതിനിടെ ഗ്യാൻവാപി മുസ്‍ലിം പള്ളിയിലെ സർവേ നടപടികൾക്ക് നേതൃത്വം നൽകിയ കമ്മീഷണറെ വാരാണസി ജില്ലാ കോടതി മാറ്റി. സർവേ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെ തുടർന്നാണ് നടപടി. സർവേ കമ്മിഷണർ അജയ് മിശ്രയെയാണ് മാറ്റിയത്. സര്‍വേക്കെതിരേ ഗ്യാന്‍വാപി പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്നും ജില്ലാ മജിസ്ട്രേട്ടിനായിരിക്കും ഇതിന്‍റെ ഉത്തരവാദിത്വമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പള്ളിക്കു സമീപമുള്ള കുളത്തിലാണ് ശിവലിംഗം കണ്ടെത്തിയതായി അവകാശവാദം ഉയർന്നിരിക്കുന്നത്. പിന്നാലെ ഈ സ്ഥലം സീൽ ചെയ്യാനും ഇവിടേക്ക് കടക്കുന്നതിൽനിന്ന് ആളുകളെ വിലക്കാനും വാരാണസി കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ഇവിടെയാണ് മുസ്‌ലീങ്ങൾ പ്രാർത്ഥനയ്ക്ക് മുമ്പ് അംഗശുദ്ധി വരുത്തുന്നത്.  സർവേ നടത്താനുള്ള വാരണസി കോടതി ഉത്തരവ് സമാധാനവും സാമുദായിക ഐക്യവും തകർക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് മാനേജ്മെന്‍റ് കമ്മിറ്റി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വ്യാഴാഴ്ച വിശദമായ വാദം കേൾക്കും.