ഇത് SDPI ഭീകരത; സംഘടനയില്‍ നിന്ന് രാജിവെച്ചതിന്റെ വൈരാഗ്യത്തിന് വധശ്രമം

പൗരാവകാശത്തിന് വേണ്ടി വാദിക്കുന്നുവെന്ന മുഖംമൂടിയുമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ കപടത തിരൂരില്‍ പുറത്തുചാടി. സംഘടനയില്‍ നിന്ന് രാജിവെച്ചയാളോടുള്ള കലി തീര്‍ത്തത് കൊലപ്പെടുത്താന്‍ ശ്രമിച്ച്. കഴിഞ്ഞദിവസമാണ് പന്ത്രണ്ടോളം എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പറവണ്ണ അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോനെ വധിക്കാന്‍ ശ്രമിച്ചത്. 20 വര്‍ഷത്തോളമായി എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിവയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു കുഞ്ഞിമോന്‍, സംഘടനയില്‍ നിന്ന് രാജിവെച്ചതാണ് പകയ്ക്കും കൊലപാതക ശ്രമത്തിനും കാരണം. ഇദ്ദേഹം സംഘടനയുടെ പറവണ്ണ മേഖലാ പ്രസിഡന്റായിരുന്നു. കുഞ്ഞിമോനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ലീഗ് പ്രവര്‍ത്തകന്‍കൂടിയായ സഹോദരന്‍ പറവണ്ണ പുത്തങ്ങാടി മുഹമ്മദ് റാഫി(40)ക്കും അക്രമികളുടെ കുത്തേറ്റു.

സംഘടനക്കുള്ളിലെ ചില രഹസ്യ തീരുമാനങ്ങളും നീക്കങ്ങളും അറിയാവുന്ന ആളായതിനാലാണ് കുഞ്ഞിമോനെ പോപുലര്‍ ഫ്രണ്ട് ഭയപ്പെടുന്നതത്രെ. അവര്‍ തന്റെ സഹോദരനെ കൊല്ലാന്‍ വന്നതായിരുന്നുവെന്നും തടയുന്നതിനിടയില്‍ തനിക്കും കുത്തേല്‍ക്കുകയായിരുന്നുവെന്നും കുഞ്ഞിമോന്റെ സഹോദരന്‍ റാഫി മാധ്യമങ്ങളോട് പറഞ്ഞു. മുതുകില്‍ ആഴത്തില്‍ മുറിവേറ്റ കുഞ്ഞിമോന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ വാക്കാട് നിന്ന് പറവണ്ണ ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്ന കുഞ്ഞിമോനെ കൊലപ്പെടുത്താനായി കാഞ്ഞിരക്കുറ്റിയില്‍ ഒരു സംഘം മാരകായുധങ്ങളുമായി തമ്പടിച്ചിരുന്നു. ഈ വിവരം പോലീസുകാരെ നാട്ടുകാര്‍ അറിയിച്ചു. എന്നാല്‍ പൊലിസ് എത്തും മുന്‍പ് കുഞ്ഞിമോന്‍ സംഘത്തിന്റെ മുന്നില്‍പെടുകയായിരുന്നു. സംഘടനയിലേക്ക് തിരിച്ചു വരണമെന്നായിരുന്നു ആയുധവുമായി എത്തിയ സംഘം ആവശ്യപ്പെട്ടത്. വഴങ്ങാതിരുന്നതോടെ സംഘത്തിലുള്ള ഒരാള്‍ കുഞ്ഞിമോനെ താഴെ തള്ളിയിട്ടു. തലങ്ങും വിലങ്ങും ആക്രമിക്കാന്‍ തുടങ്ങി. ഇതുകണ്ടാണ് സഹോദരന്‍ മുഹമ്മദ് റാഫി എത്തിയത്. സംഘര്‍ഷാവസ്ഥ ശമിപ്പിക്കാന്‍ ശ്രമിച്ച റാഫിയെയും ക്രൂരമായി സംഘം മര്‍ദിക്കാന്‍ തുടങ്ങി. ഇതിനിടെ കുഞ്ഞിമോന്റെ പുറത്ത് ഇടതു ഭാഗത്തായി സംഘത്തിലുള്ള ഒരാള്‍ കത്തികൊണ്ട് കുത്തി. തടയാന്‍ ശ്രമിച്ച റാഫിയുടെ മുഖത്തും കുത്തിയ ശേഷം സംഘം കടന്നുകളഞ്ഞു. ഇരുവരെയും ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു തിരൂര്‍ സി.ഐ, എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നത്.

എട്ട് മാസം മുന്‍പാണ് പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളില്‍നിന്ന് കുഞ്ഞിമോന്‍ രാജിവച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായ കുഞ്ഞിമോന് സംഘടന ചില ചുമതലകള്‍ അധികമായി നല്‍കിയിരുന്നു. ഇതിലെ എതിര്‍പ്പും സംഘടനക്കുള്ളില്‍ പരസ്പരമുള്ള പോരുമാണ് പ്രസ്ഥാനം വിടാന്‍ കുഞ്ഞിമോനെ പ്രേരിപ്പിച്ചത്. മുന്‍പും പലതവണ ഇതേ സംഘം തന്നോട് സംഘടനയിലേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടതായും ഇല്ലെങ്കില്‍ വീടും വാഹനവും കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുഞ്ഞിമോന്‍ പറയുന്നു. തിരൂര്‍ ആലത്തിയൂര്‍ ബിബിന്‍ വധക്കേസിലെ പ്രതിയായ കാഞ്ഞിരക്കുറ്റി സ്വദേശി തുഫൈല്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് മുഹമ്മദ് റാഫി പറഞ്ഞു. സംഭവത്തില്‍ നേരിട്ടറിയാവുന്ന ഏഴ് പേരെയും കണ്ടാലറിയാവുന്ന അഞ്ച് പേരെയും ഉള്‍പ്പെടുത്തി 12 പേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി തിരൂര്‍ എസ്.ഐ കെ.ജെ ജിനേഷ് പറഞ്ഞു. പ്രതികളെല്ലാം പോപുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്.

Popular FrontSDPIAttackcrime
Comments (0)
Add Comment