രൺജിത്ത് വധക്കേസില്‍ അറസ്റ്റ് ; അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Jaihind Webdesk
Wednesday, December 22, 2021

ആലപ്പുഴയില്‍ ബിജെപി നേതാവ് രൺജിത്ത് വധക്കേസിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ പൊലസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പിടിയിലായവരിൽ ഉണ്ടെന്നാണ് വിവരം. കേസിൽ ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാണ്.

മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരാണ് പ്രതികൾ. രൺജിത്ത് വധത്തിൽ ഇവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നാലു ബൈക്കുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു വാഹനത്തിൽ ചോരക്കറ കണ്ടെത്തിയിട്ടുണ്ട്.

വാഹനം ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിച്ചു. രൺജിത്ത് വധക്കേസിൽ ചോദ്യം ചെയ്യാനായി മണ്ണഞ്ചേരി പഞ്ചായത്തംഗവും എസ്ഡിപിഐ നേതാവുമായ നവാസ് നൈനയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകർ രണ്ടു ദിവസമായി കരുതൽ കസ്റ്റഡിയിലാണ്.