നൗഷാദിനെ കൊല്ലാന്‍ എസ്.ഡി.പി.ഐയുടെ മാസങ്ങള്‍ നീണ്ട ഗൂഢലോചന; കൊന്നിട്ടും പക തീരാതെ സോഷ്യല്‍ മീഡിയകളില്‍ അപവാദ പ്രചാരണം

Jaihind Webdesk
Wednesday, July 31, 2019

തൃശൂര്‍: ചാവക്കാട് പുന്ന ബൂത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദിനെ കൊലപ്പെടുത്താന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം. എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയയില്‍ പുന്ന നൗഷാദിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്താണ് വധിക്കാനായിട്ട് ആഹ്വാനം നല്‍കുന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നത്. സ്ഥലത്തെ വര്‍ഗ്ഗീയ വാദികള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ കൈക്കൊണ്ടതാണ് പുന്ന നൗഷാദിനെ എസ്.ഡി.പി.ഐയുടെ കണ്ണിലെ കരടായി മാറ്റിയത്. ‘എസ്.ഡി.പി.ഐ കേരളം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നൗഷാദിനെ കൊലപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ക്രൂരതകള്‍ സ്ഫുരിക്കുന്ന കമന്റുകളും പോസ്റ്റുകളുമാണ് എസ്.ഡി.പി.ഐയുടെ വാട്‌സാപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നിരുന്നത്. ഇന്നലെ രാത്രിയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.

നൗഷാദിനൊപ്പം വെട്ടേറ്റ ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നൗഷാദിനെ കൊലപ്പെടുത്തിയിട്ടും എസ്്.ഡി.പി.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുന്ന പ്രചാരണങ്ങള്‍ തുടരുകയാണ്. വധിച്ചതില്‍ തെല്ലും കുറ്റംബോധമില്ലാതെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയകളില്‍ വിരാജിക്കുമ്പോള്‍ കണ്ടില്ലെന്ന നടിക്കുകയാണ് സൈബര്‍ പോലീസും നിയമസംവിധാനങ്ങളും