റൂൾസ് ഓഫ് ബിസിനസ് ഭേദഗതി: കരട് ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിസഭാ ഉപസമിതിയിലും ഭിന്നത രൂക്ഷം

Jaihind News Bureau
Saturday, October 10, 2020

റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിസഭാ ഉപസമിതിയിലും ഭിന്നത രൂക്ഷം. മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണൻകുട്ടിയും ഭേദഗതിയിൽ എതിർപ്പ് പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്ക് കൂടുതൽ അധികാരം നൽകി മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതാണ് റൂൾസ് ഓഫ് ബിസിനസ് ഭേദഗതി.

15 വർഷത്തിന് ശേഷമാണ് റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാൻ സർക്കാർ ഒരുക്കം തുടങ്ങിയത്. ഒരു വർഷം മുൻപ് ആരംഭിച്ച ശ്രമങ്ങൾ ചെന്നെത്തി നിൽക്കുന്നത് ഭരണ സമ്പ്രദായത്തിൻ്റെ അടിസ്ഥാന സ്വഭാവത്തിന് തന്നെ മാറ്റം വരുത്തുന്ന ചട്ട ഭേദഗതികളിലേക്കാണ്. പുതിയ ചട്ടം വരുന്നതോടെ നിലവിൽ മന്ത്രിസഭായോഗം തീരുമാനിക്കുന്ന പല കര്യങ്ങളിലും മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാം.റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം വകുപ്പ് സെക്രട്ടറിമാർക്ക് കൂടുതൽ അധികാരം നൽകുന്നു. പുതിയ ഭേദഗതി അനുസരിച്ച് മന്ത്രിമാരിൽ കൂടിയല്ലാതെ വകുപ്പ് സെക്രട്ടറിമാർക്ക് നേരിട്ട് നിർദേശം നൽകാം. മന്ത്രിക്കൊപ്പം പ്രാഥമിക ചുമതലയിലേക്ക് വകുപ്പ് സെക്രട്ടറിയെ കൂടി ഉൾപ്പെടുത്താനാണ് പുതിയ ശുപാർശ. മന്ത്രിമാർ പോലും അറിയാതെ ഫയൽ തീർപ്പാക്കാൻ ഉള്ള അധികാരം ആണ് പുതിയ ഭേദഗതിയിലൂടെ സെക്രട്ടറിമാർക്ക് ലഭിക്കുക. നിലവിൽ മന്ത്രിമാർ അവധിയിലോ, വിദേശത്തേക്കോ മറ്റോ പോകുമ്പോൾ മറ്റാർക്കെങ്കിലും ചുമതലകൊടുക്കണമെങ്കിൽ അതിനുള്ള അന്തിമ അധികാരം നിലവിലെ റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് ഗവർണർക്കാണ്. എന്നാൽ അത് മാറ്റി മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള അധികാരം നൽകുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ഭേദഗതി. മന്ത്രിസഭായോഗ തീരുമാനം പുനഃപരിശോധിക്കുന്നതിന് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർ മുഖേന മുഖ്യമന്ത്രിക്ക് ഫയൽ നൽകണമെന്നാണ് പുതിയ നിർദേശം.

ക്രമസമാധാനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സെക്രട്ടറി തലത്തിലാണ് തീരുമാനം. കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള അധികാരവും സെക്രട്ടറിക്കാണ്. വിദഗ്ധരെ നിയമിക്കുന്ന എക്സ് ഒഫിഷ്യോ സെക്രട്ടറി തസ്തികയും സെക്രട്ടറിമാരുടെ പട്ടികയിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്. നിരവധി നിർദ്ദേശങ്ങൾ അടങ്ങുന്ന പൊതുഭരണ വകുപ്പിലെ കരട് റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്.

മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതാണ് ഭേദഗതിയെന്ന പ്രധാനപ്പെട്ട വിമർശനം ഉയർത്തിക്കാട്ടി മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണൻകുട്ടിയും എതിർപ്പ് പ്രകടിപ്പിച്ചു. ഭേദഗതിയുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിച്ചത്.