തിരക്കഥാകൃത്ത് ജോൺപോള്‍ അന്തരിച്ചു

Jaihind Webdesk
Saturday, April 23, 2022

തിരക്കഥാകൃത്ത് ജോൺപോള്‍ അന്തരിച്ചു. മലയാള സിനിമയുടെ തിരക്കഥകളില്‍ കാതലായ മാറ്റം വരുത്തിയ കഥാകാരനാണ് ജോണ്‍പോള്‍. മലയാളികള്‍ മറക്കാത്ത നിരവധി കഥാപാത്രങ്ങള്‍ക്കാണ് ജോണ്‍പോളിന്‍റെ തൂലികയിലൂടെ ജീവന്‍ വെച്ചത്.

ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ പരിചിതമല്ലാത്ത പ്രണയകഥയുമായാണ് ജോണ്‍പോളിന്റെ രംഗപ്രവേശം. 1980 ല്‍ ചാമരം എന്ന സിനിമയിലൂടെ ശക്തമായ തിരക്കഥകള്‍ക്ക് തുടക്കം കുറിച്ചു. അന്തര്‍ സംഘര്‍ഷങ്ങളിലൂടെയും വികാര തലങ്ങളിലൂടെയും കടന്നു പോകുന്ന നിരവധി കഥകള്‍ ജോണ്‍പോളിന്റെ തൂലികയിലൂടെ പിറവിയെടുത്തു. ആദ്യ അവസരം നല്‍കിയ സംവിധായകന്‍ ഭരതനോടൊപ്പം നിരവധി ചിത്രങ്ങളാണ് ചെയ്തത്. മര്‍മ്മരം, ഓര്‍മ്മയ്ക്കായി, പാളങ്ങള്‍, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീല കുറിഞ്ഞി പൂത്തപ്പോള്‍, കേളി, മാളൂട്ടി, സന്ധ്യ മയങ്ങും നേരം, ഇത്തിരിപൂവേ ചുവന്നപൂവേ, തുടങ്ങിയ സിനിമകളെല്ലാം ജോണ്‍ പോളിന്റെ ശക്തമായ തിരക്കഥയില്‍ അഭയം തേടി. അതുകൊണ്ടു തന്നെയാണ് ഭരതനും അദ്ദേഹത്തില്‍ ഏറെ വിശ്വാസം അര്‍പ്പിച്ചത്.

കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കേളി എന്നീ സിനിമകളുടെ കഥാ പശ്ചാത്തലവും കഥാപാത്രങ്ങളുടെ മലയാളികള്‍ക്ക് മറക്കാത്ത ഓര്‍മ്മകളാണ് സമ്മാനിച്ചത്. എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തും ജോണ്‍പോള്‍ തന്നെയായിരുന്നു. ഒരു തിരക്കഥയിലും ആവര്‍ത്തന വിരസത ഇല്ലാതെയിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. കമല്‍ സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടല്‍ ചിത്രമാണ് ജോണ്‍പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാളസിനിമ. നൂറിലധികം തിരക്കഥയെഴുതിയിട്ടും ഒരു വീട് പോലും അദ്ദേഹത്തിന് സ്വന്തമാക്കാനായില്ല.

അവസാന കാലത്ത് ചികിത്സയ്ക്ക് പണമില്ലാതെയും ഏറെ ബുദ്ധിമുട്ടി. സാമ്പത്തിക ലാഭം മുന്നില്‍കണ്ടുള്ള സിനിമാ പ്രവര്‍ത്തനമല്ല ജോണ്‍പോള്‍ നടത്തിയിരുന്നത്. ഭരതന്‍, കമല്‍ എന്നിവരെ കൂടാതെ പി.ജി. വിശ്വംഭരന്, പി.എന്‍. മേനോന്, കെ.എസ്. സേതുമാധവന്, ഐ.വി. ശശി, ജോഷി, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയവരോടൊപ്പവും .ജോണ് പോള്‍ പ്രവര്ത്തിച്ചിട്ടുണ്ട്. അങ്ങനെ സംവിധായകരുടെ നീണ്ട നിര തന്നെയുണ്ട്. ബാലു മഹേന്ദ്രയ്ക്ക് വേണ്ടി ജോണ് പോള് ഒരുക്കിയ യാത്ര എന്ന സിനിമ മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രമാണ്. ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്നിന്റെ കഥാകാരനും ജോണ് പോള്‍ തന്നെയായിരുന്നു.

സത്യന് അന്തിക്കാടിന് വേണ്ട എഴുതിയ രേവതിക്കൊരു പാവക്കുട്ടി മലയാളികള്‍ക്ക് ഏറെ നൊമ്പരമാണ് സമ്മാനിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, തിലകന്‍ എന്നിവര്‍ക്കെല്ലാം വലിയ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാനായി. ഒരു ചെറുകഥ പോലും എഴുതാതെയാണ് തിരക്കഥാരംഗത്തേക്ക് കടന്നു വന്ന ജോണ് പോളാണ് വ്യത്യസ്തങ്ങളായ കഥകള്‍ മലയാളിക്ക് സമ്മാനിച്ചത്.
ന്യൂസ് ഡെസ്‌ക്