സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും നാളെ ഭാഗികമായി തുറക്കും

Jaihind News Bureau
Thursday, December 31, 2020

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും നാളെ ഭാഗികമായി തുറക്കും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും പ്രവര്‍ത്തനം. ഷിഫ്റ്റ് അടിസ്ഥാനത്തിലോ ഒന്നിടവിട്ട ദിവസത്തിലോ ആകും ക്ലാസുകൾ ക്രമീകരിക്കുക

ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ലാസുകൾ തുറക്കുന്നത് . പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പ്രാക്ടിക്കൽ ക്ലാസുകളും റിവിഷനും ആരംഭിക്കുക. പരമാവധി ഒരുക്ളാസില്‍ 15 വിദ്യാര്‍ഥികളാവും ഉണ്ടാകുക. ഒരു ബെഞ്ചില്‍ ഒരാള്‍ക്ക് മാത്രം ഇരിപ്പടം
ഒരുക്കും. രാവിലെയും ഉച്ചതിരിഞ്ഞും എന്നതരത്തിലോ ഒന്നിടവിട്ട ദിവസങ്ങളെന്ന രീതിയിലോ ക്ലാസുകൾ ക്രമീകരിക്കും. മാസ്ക്ക്, സാനിറ്റെസര്‍ എന്നിവ നിര്‍ബന്ധമാണ്. അധ്യാപകരും വിദ്യാര്‍ഥികളും ശാരീരിക അകലം പാലിക്കണം.

മാര്‍ച്ച് അവസാനത്തിന് മുന്‍പ് പ്ളസ് 2, എസ്.എസ്.എല്‍സി പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം ഒരുക്കും. കോളേജ് തലത്തിൽ ഡിഗ്രി, പിജി അവസാന വര്‍ഷക്കാരാണ് ക്ലാസുകളിൽ എത്തുക . കോവിഡ് സുരക്ഷ ക്യാമ്പസുകളിലും കര്‍ശനമാക്കും. കോളജുകളിലെ അവസാന വര്‍ഷ പരീക്ഷ സംബന്ധിച്ച് സര്‍വകലാശാലകളാണ് തീരുമാനമെടുക്കുക.