സ്കൂള്‍ തുറക്കല്‍ ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലെന്ന് മന്ത്രി; ക്ലാസുകള്‍ ഉച്ചവരെ മാത്രം, ശനിയാഴ്ച പ്രവൃത്തിദിവസമാക്കും

 

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കും. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് മാനദണ്ഡം പാലിച്ച് ഉച്ചഭക്ഷണം നൽകുമെന്നും മന്ത്രി പറഞ്ഞു. ക്ലാസുകൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച കരട് മാർഗരേഖ ഇന്ന് മുഖ്യമന്ത്രി പുറത്തിറക്കും.

സംസ്ഥാനത്ത് നവംബര്‍ 1 മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ 1 മുതല്‍ തന്നെ തുടങ്ങും. ക്ലാസുകൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച കരട് മാർഗരേഖയിൽ വ്യക്തമാക്കും. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ ക്ലാസ് ഉറപ്പാക്കും. എൽപി ക്ലാസിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികള്‍ മാത്രമേ പാടുള്ളൂ. ഓട്ടോറിക്ഷയിൽ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം. വിദ്യാർത്ഥി കൺസഷന്‍റെ കാര്യത്തിൽ സ്വകാര്യ ബസ് ഉടമകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകൾ ആവശ്യപ്പെട്ടാൽ മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാർ സ്കൂളിൽ ചെന്ന് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തും. ട്യൂഷൻ സെന്‍ററുകളും പാരലൽ കോളേജുകളും ഉടനെ തുറക്കില്ല. എന്നാൽ ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും പ്രസ്താവനകള്‍ തമ്മിൽ ആശയക്കുഴപ്പം ഉണ്ടായി. അധ്യാപകർക്കും അനധ്യാപകർക്കും ഇതുവരെ പൂർണമായും വാക്സിനേഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. എയ്‌ഡഡ്‌ സ്കൂളുകൾക്ക് മെയിന്‍റനൻസ് ഉൾപ്പെടെ 52 കോടി കൊടുക്കാനുണ്ട് എന്ന് വിദ്യാഭ്യാസ മന്ത്രി സഭയെ അറിയിച്ച.

Comments (0)
Add Comment