പുതിയ അധ്യയന വർഷം ഇന്നുമുതല്‍ ; മൂന്നരലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

Jaihind Webdesk
Tuesday, June 1, 2021

തിരുവനന്തപുരം :  കൊവിഡ് കാല വെല്ലുവിളികള്‍ മറികടന്ന് കേരളത്തില്‍ ഇന്നു പുതിയ സ്‌കൂള്‍ വര്‍ഷം. 3 ലക്ഷത്തിലേറെ കുട്ടികളാണ് ഇന്ന് ഒന്നാം ക്ലാസിലെത്തുന്നത്. രാവിലെ 8.30നു തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. എല്‍പി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഉദ്ഘാടനസമ്മേളനം കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്യും.

9.30 മുതല്‍ പ്രചോദനാത്മക പരിപാടികള്‍. ആശംസകളുമായി മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ താരങ്ങളും ഉണ്ടാകും. 9.30 മുതല്‍ എല്ലാ സ്‌കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തില്‍ പ്രവേശനോത്സവം. സമൂഹമാധ്യമങ്ങള്‍ വഴി കുട്ടികള്‍ക്കും പങ്കെടുക്കാം.സ്‌പെഷ്യല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലെ പ്രവേശനോത്സവവും ഇന്ന് നടക്കും.