ഫീസ് അടയ്ക്കാത്ത രണ്ടാംക്ലാസ് വിദ്യാര്‍ത്ഥികളെ വെയിലത്തുനിര്‍ത്തി: സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവ്

Jaihind Webdesk
Tuesday, September 17, 2019

ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താതെ വെയിലത്തുനിര്‍ത്തിയ സംഭവത്തില്‍ നടപടി. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കഴിഞ്ഞ മാര്‍ച്ച് 28നാണ് സംഭവം. കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യര്‍ത്ഥികളായ രണ്ടു കുട്ടികളെയാണ് കഴിഞ്ഞ മാര്‍ച്ച് 28ന് പരീക്ഷ ഹാളിന് പുറത്ത് വെയിലത്ത് നിര്‍ത്തിയത്. കനത്ത ചൂടില്‍ പുറത്തുനിന്ന വിദ്യാര്‍ത്ഥികള്‍ അവശരായി. ഒരു വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് നടപടി. എറണാകുളം ജില്ലാ കളക്ടറും വിദ്യാഭ്യാസ ഡയറക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവോടു കൂടി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. അടച്ചുപൂട്ടുന്ന സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടേയും സംരക്ഷണ ചുമതലയും ബന്ധപ്പെട്ടവര്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.