സംസ്ഥാനത്ത് ആവശ്യമരുന്നുകള്‍ ലഭിക്കുന്നില്ല ; രോഗികളും കൂട്ടിരിപ്പുകാരും വലയുന്നു

Jaihind Webdesk
Saturday, May 21, 2022


സംസ്ഥാന സർക്കാർ സില്‍വർ ലൈന്‍ പദ്ധതിക്കും  പിആർ വർക്കുകള്‍ക്കുമൊക്കെ കോടിക്കണക്കിന് രൂപ പൊടിപൊടിക്കുമ്പോള്‍ ആവശ്യമരുന്നുകള്‍ക്കായി രോഗികളും കൂട്ടിരിപ്പുകാരും സർക്കാർ ആശുപത്രികളില്‍ നെട്ടോട്ടമോടുകയാണ്. ലക്ഷക്കണക്കിന് സാധാരണക്കാരാണ് സംസ്ഥാനത്ത് സർക്കാർ ആശുപത്രികളുടെ സേവനത്തെ ആശ്രയിക്കുന്നത്. എന്നാല്‍ ഡോക്ടർ കുറുക്കുന്ന  മരുന്നുകള്‍ ആശുപത്രികളോടു ചേർന്നുള്ള ഫാർമസികളിൽ പലയിടത്തും കിട്ടാനില്ല.  ആന്‍റിബയോട്ടിക്കുകൾക്കും പ്രമേഹ–ഹൃദ്രോഗ–രക്തസമ്മർദ മരുന്നുകൾക്കും പേവിഷ വാക്സീനും കടുത്ത ക്ഷാമമുണ്ട്. കുട്ടികൾക്കുള്ള മരുന്നുകളും ദൗർലഭ്യം നേരിടുന്നു. മരുന്നു വിതരണം ചെയ്യേണ്ട കേരള മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ ഗോഡൗണിൽ സുലഭമായുള്ളത്, ആർക്കും ഇപ്പോൾ വേണ്ടാത്ത പിപിഇ കിറ്റും പഞ്ഞിയും പിന്നെ കുറെ ഗ്ലൗസും മാത്രം.

സംസ്ഥാനത്ത്  ഒരിടത്തും മരുന്നുക്ഷാമമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ ആവർത്തിക്കുമ്പോഴും 2022–23 സാമ്പത്തിക വർഷത്തേക്കുള്ള ടെൻഡർ നടപടികൾ ഇതേവരെ പൂർത്തീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇനി കരാർ ഒപ്പിട്ട് പർച്ചേസ് ഓർഡർ തയ്യാറാക്കി ചുരുങ്ങിയത് ജൂൺ അവസാനമെങ്കിലുമാകും മരുന്ന് എത്താനെന്നു കമ്പനി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. മരുന്നുകൾ തീരുന്ന മുറയ്ക്കു റിപ്പോർട്ട് ചെയ്യാനുള്ള സോഫ്റ്റ്‌വെയറിൽ ഓരോ സ്ഥാപനത്തിൽ നിന്നും സ്റ്റോക്ക് വിവരങ്ങൾ ചേർക്കാത്തതാണ് ക്ഷാമത്തിന് കാരണമെന്നാണ്  പ്രശ്നമെന്നു മെഡിക്കല്‍ സർവ്വീസസ് കോർപറേഷൻ അധികൃതർ സൂചിപ്പിക്കുന്നു. കോർപറേഷൻ രൂപീകരിച്ച് 14 വർഷം കഴിഞ്ഞിട്ടും ഈ അടിസ്ഥാന സംവിധാനംതന്നെ ക്യത്യമായി ഉപയോഗിക്കുന്നില്ല.

മരുന്നിന്‍റെ നികുതിയും ഇറക്കുമതിത്തീരുവയും വർധിപ്പിച്ചതിനെത്തുടർന്ന് മുൻവർഷത്തെ അപേക്ഷിച്ച് 30 കോടി രൂപയെങ്കിലും ഇത്തവണ മരുന്നു സംഭരണത്തിനായി അധികം ചെലവഴിക്കേണ്ടിവരുമെന്നും ആശങ്കയുണ്ട്. വില കൂടുതലായതിനാൽ 35 ഇനം മരുന്നുകൾ സംഭരണപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കേണ്ടിവന്നു.സാങ്കേതിക കാരണങ്ങൾ എന്തൊക്കെ നിരത്തിയാലും എത്രയുംവേഗം സാധാരണക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്. ആ