സിപിഎം നിയന്ത്രണത്തിലുള്ള 15 ബാങ്കുകളിൽ കൂടി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി

Jaihind Webdesk
Tuesday, November 23, 2021

സിപിഎം നിയന്ത്രണത്തിലുള്ള 15 സഹകരണ ബാങ്കുകളിൽ കൂടി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സജീവ ചർച്ചയായ വേളയിൽ തന്നെയാണ് പുതിയ വിവരങ്ങളും പുറത്ത് വരുന്നത്.

തട്ടിപ്പ് കണ്ടെത്തിയതോടെ 15 സഹകരണ ബാങ്കുകളിലും 65-ാം വകുപ്പ് പ്രകാരം സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ സമീപ സഹകരണ ബാങ്കുകളില്‍ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് പുറത്ത് വന്നത്. വായ്പ നൽകിയതിലെ ക്രമക്കേടും, അനർഹമായി മറ്റ് സഹകരണ സംഘങ്ങളെ സാമ്പത്തികമായി സഹായിച്ചതുമുൾപ്പടെയാണ് കണ്ടെത്തൽ. ക്രമക്കേട് കണ്ടെത്തിയ 15 സഹകരണ ബാങ്കുകളിൽ സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരമുള്ള അന്വേഷണത്തിന് സഹകരണവകുപ്പ് ഉത്തരവിട്ടു. ഇരിങ്ങാലക്കുട, മുകുന്ദപുരം,കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ 15 സഹകരണ ബാങ്കുകളിലാണ് അന്വേഷണം തുടങ്ങിയത്. ഇവിടെയെല്ലം സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ്.

ക്രമക്കേട് അന്വേഷിക്കാന്‍ സഹകരണ ഉദ്യോഗസ്ഥര്‍ക്ക് ജൂഡീഷ്യന്‍ പദവിയോടുള്ള അധികാരം നല്കുന്ന വകുപ്പാണ് 65. ഏത് തരം തെളിവ് ശേഖരിക്കാനും ഇതിനായി ആരേയും സമൻസ് അയച്ച് വിളിച്ചുവരുത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. പൂട്ടിപ്പോയ സഹകരണ സംഘങ്ങൾക്ക് അനധികൃതമായി ലക്ഷങ്ങൾ സഹായം നൽകിയ നാല് സഹകരണ ബാങ്കുകളിലും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം ആറ് മാസത്തിലധികം നീളും. ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.