മഹാരാഷ്ട്ര സർക്കാർ രൂപീകരണ വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശിവസേനയും എൻ.സി.പിയും കോൺഗ്രസും സമർപ്പിച്ച സംയുക്ത ഹർജി രാവിലെ 11.30 നാണ് കോടതി പരിഗണിക്കുക. മഹാരാഷ്ട്ര സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസുമാരായ എൻ.വി രമണ, അശോക് ഭൂഷൺ, സഞ്ജയ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
രാഷ്ട്രീയ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ട് രാത്രിയുടെ മറവില്‍ നടത്തിയ സർക്കാര്‍ രൂപീകരണത്തില്‍ ഗവർണറുടെ ഓഫീസിനെതിരെയും ആരോപണം ഉയരുന്നുണ്ട്. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ജനാധിപത്യനടപടിക്രമങ്ങള്‍ പാലിച്ചല്ല ഗവർണർ സർക്കാർ രൂപീകരണത്തിന് അനുമതി നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യാതൊരു പരിശോധനയും ഇല്ലാതെയാണ് ഗവർണർ ബി.ജെ.പിയെ ക്ഷണിച്ചതെന്നും വിഷയം പാര്‍ലമെന്‍റിലും ചർച്ചയാക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
അതേസമയം ശനിയാഴ്ച വൈകിട്ട് സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലയെ സുപ്രീം കോടതിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞത് പോലീസുമായി വാക്കേറ്റത്തിന് ഇടയാക്കി. ഇതിനിടെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി ഡൽഹിയിലെത്തി. ഇന്ന് നടക്കുന്ന ഗവർണർമാരുടെ വാർഷിക കോൺഫറൻസില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.