ശബരിമല ദർശനം : രഹ്ന ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Friday, December 13, 2019

Sabarimala

ശബരിമല ദർശനത്തിന് സുരക്ഷയൊരുക്കണമെന്ന രഹ്ന ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹർജികൾ പരിശോധിക്കുമ്പോൾ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ശബരിമല വിധിയിൽ കൂടുതൽ വ്യക്തത വരുത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് രഹ്ന ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ഹർജികൾ പരിഗണിക്കുന്നത്.

ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ പുനഃപരിശോധനാ ഹർജിയിലാണ് ദർശനത്തിന് സൗകര്യമൊരുക്കണമെന്ന ബിന്ദു അമ്മിണിയുടെ ഇടക്കാല അപേക്ഷ. ശബരിമല ദർശനം നടത്താൻ ആഗ്രഹമുണ്ടെങ്കിലും സുരക്ഷയൊരുക്കാൻ കേരളാ പൊലീസ് തയാറാകുന്നില്ലെന്ന് രഹ്ന ഫാത്തിമയും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രഹ്ന ഫാത്തിമയുടെ ഹർജിയിൽ അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ നൽകിയ തടസ്സ ഹർജിയും സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. രഹ്നയുടെ ഹർജിയിൽ കക്ഷി ചേരാൻ അരയ സമാജം സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.