നടിയെ ആക്രമിച്ച കേസ് : ദിലീപിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

Jaihind Webdesk
Monday, December 3, 2018

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാർഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തേ ഈയാവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തളളിയിരുന്നു.

നടി ആക്രമിക്കപ്പെട്ടപ്പോൾ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. എഡിറ്റിങ് നടത്തിയ ദൃശ്യങ്ങളാണ് മെമ്മറി കാർഡിലുള്ളത്. ഒരു സ്ത്രീയുടെ ശബ്ദമുണ്ടായിരുന്നത് മായ്ച്ചുകളഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിന്‍റെ പകർപ്പ് അത്യാവശ്യമാണ്.

പ്രതിയെന്ന നിലയിൽ തെളിവ് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്‍റെ ഹർജിയിൽ പറയുന്നു. വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് കിട്ടാത്ത പശ്ചാത്തലത്തിലാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇരയായ നടിയുടെ സ്വകാര്യത ചൂണ്ടിക്കാട്ടി തെളിവ് കൈമാറുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.[yop_poll id=2]