ശബരിമല തിരുവാഭരണം ദൈവത്തിനു സമർപ്പിച്ചത്; രാജകുടുംബത്തിന് അതിൽ ഇനി അവകാശമില്ല : സുപ്രീം കോടതി

Jaihind News Bureau
Wednesday, February 5, 2020

Sabarimala-Nada-3

ശബരിമല തിരുവാഭരണം ദൈവത്തിനു സമർപ്പിച്ചതെന്നു സുപ്രീം കോടതി. രാജകുടുംബത്തിന് അതിൽ ഇനി അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു. അതേസമയം തിരുവാഭരണത്തിന്‍റെ ഉടമസ്ഥത ദൈവത്തിനോ, പന്തളം രാജകുടുംബത്തിനോ എന്ന് ജസ്റ്റിസ്. എൻ.വി. രമണ ചോദിച്ചു.

ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോയെന്ന് സംസ്ഥാന സർക്കാർ വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്ന് സുപ്രീം കോടതി. 2010ൽ ശബരിമലയിൽ നടന്ന ദേവപ്രശ്നവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിന് ഇടെയാണ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പരാമർശിച്ചത്. അതോടൊപ്പം തിരുവാഭരണം സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമല്ലെന്ന് പന്തളം കുടുംബാഗങ്ങൾ തന്നെയാണ് കോടതിയെ അറിയിച്ചത്. തിരുവാഭരണം അയ്യപ്പന് സമർപ്പിച്ചതാണെന്നും പന്തളം രാജകുടുംബത്തിന് അതിൽ ഇനി അവകാശം ഇല്ലെന്നും കോടതി പറഞ്ഞു. ഹർജി വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

ശബരിമല ക്ഷേത്രത്തിന്‍റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായത്. കേസ് നേരത്തേ പരിഗണിച്ചപ്പോൾ ശബരിമല ഭരണത്തിനു മാത്രമായി പ്രത്യേക നിയമം നിർമിക്കുമെന്നു സര്‍ക്കാർ അറിയിച്ചിരുന്നു. അതിന് 2 മാസത്തെ സമയമാണ് സുപ്രീം കോടതി സർക്കാരിനു നൽകിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടു.

അതിനു ശേഷമാണ് ജസ്റ്റിസ് എൻ.വി. രമണ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കൈകാര്യം ചെയ്യുന്നതിനു സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പിലാക്കിയോ എന്ന് ദേവസ്വം ബോർഡ് അഭിഭാഷകനോടു ചോദിച്ചത്. തിരുവാഭരണം ക്ഷേത്രത്തിനു കൈമാറാനും അതു പരിപാലിക്കുന്നതിന് ഒരു പ്രത്യേക ഓഫീസറെ നിയമിക്കാനും നേരത്തേ പറഞ്ഞിരുന്നല്ലോ, അതു നടപ്പിലായോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാൽ തിരുവാഭരണം ഇപ്പോഴും രാജകുടുംബത്തിന്‍റെ പക്കൽ തന്നെയാണ് ഉള്ളതെന്നായിരുന്നു അഭിഭാഷകന്‍റെ മറുപടി.

തുടർന്നാണ് തിരുവാഭരണം ക്ഷേത്രത്തിന്‍റേതാണെന്നു സുപ്രീം കോടതി പറഞ്ഞത്. ദൈവത്തിനു സമര്‍പ്പിച്ചാൽ അതു ദൈവത്തിനാണ്. തിരുവാഭരണം ദൈവത്തിന്‍റേതാണോ, രാജകുടുംബത്തിന്‍റേതാണോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നും കോടതി പറഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച സംസ്ഥാന സർക്കാരും നിലപാട് അറിയിക്കും.