പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിലേക്കെന്ന് സൂചന. ഭരണഘടനാ ബഞ്ച് അഞ്ചാഴ്ചക്കു ശേഷം വീണ്ടും പരിഗണിക്കും. പൗരത്വ നിയമത്തിൽ സ്റ്റേഇല്ല, നിർത്തിവെക്കാനും ഉത്തരവില്ല. പൗരത്വ ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ച കൂടി കോടതി സമയം അനുവദിച്ചു. അസം, ത്രിപുര ഹർജികൾ പ്രത്യേകം പരിഗണിക്കും. അഞ്ചാഴ്ചക്ക് ശേഷം ഇടക്കാല ഉത്തരവ് ഉണ്ടാകും.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിൽ സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ നിർദ്ദേശം ശുഭ സൂചന നല്‍കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹർജികൾ ഭരണഘടന ബെഞ്ചിന് വിടാൻ സാധ്യത നിലനിക്കുന്നു. പ്രതിപക്ഷത്തിന്‍റെ പോരാട്ടത്തിന് ഊർജം പകരുന്നതാണ് കോടതി തീരുമാനം എന്നും പ്രതിപക്ഷ നേതാവ് ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.
ആത്മവിശ്വാസം നൽകുന്ന തീരുമാനങ്ങളാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായതെന്ന് ടി എൻ പ്രതാപൻ എം പി പ്രതികരിച്ചു. വിഷയത്തിൽ ഭരണഘടന പ്രതിസന്ധി ഉണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഹർജികൾക്ക് മറുപടി നൽകാതെ സർക്കാർ ഒളിച്ചോടുക ആണെന്നും ടി എൻ പ്രതാപൻ എംപി പറഞ്ഞു.