പ്ലസ് വണ്‍ പരീക്ഷ നടത്തിയേ തീരൂവെന്ന് വാശിപിടിക്കുന്നത് എന്തിന് ? കേരളത്തിനും ആന്ധ്രയ്ക്കും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. പരീക്ഷ നടത്തി കുട്ടികളെ അപകടത്തിലാക്കരുതെന്ന് കോടതി വിമർശിച്ചു. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ല. പരീക്ഷ നടത്തിയേ തീരൂവെന്ന് വാശിപിടിക്കുന്നത് എന്തിനെന്ന് ചോദിച്ച കോടതി മൂന്നം തരംഗത്തിന്‍റെ ആശങ്ക ഇപ്പോഴും ഉണ്ടെന്നും ചൂണ്ടിക്കാട്ടി.

ഓരോ മരണത്തിനും ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം ഈടാക്കുമെന്ന് ആന്ധ്രയോട് പറഞ്ഞ കോടതി കേരളത്തിന്‍റെ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. പതിനൊന്നാം ക്ലാസ് പരീക്ഷയുടെ കാര്യത്തിൽ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാൻ വിദ്യാർത്ഥികളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കാനാകില്ലെന്നും സെപ്‌തംബറിൽ പരീക്ഷ നടത്തുന്നതിനോട് യോജിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനുശേഷമാണ് പ്ലസ് വൺ പരീക്ഷയുടെ കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയത്.

Comments (0)
Add Comment