നിയമസഭാ കയ്യാങ്കളിക്കേസ് : ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

Jaihind Webdesk
Tuesday, June 29, 2021

ന്യൂഡൽഹി : നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വി ശിവൻകുട്ടി ഉൾപ്പെടെ ഉള്ള പ്രതികൾ നൽകിയ അപ്പീൽ കൂടി പരിഗണിക്കാൻ ആണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

നിലവിലെ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്. വി ശിവന്‍കുട്ടി, കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍, കെ അജിത് എന്നിവര്‍ നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്‌. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി പ്രകാശ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ് കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തീരുമാനിച്ചതെന്ന് കേരളം ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

അപ്പീലിന് ഇന്ന് രാവിലെ 11 മണിക്കാണ് സുപ്രീം കോടതി രജിസ്ട്രി നമ്പർ നൽകിയത് എന്ന് ഇടത് നേതാക്കൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌തയും, അഭിഭാഷകൻ പി എസ് സുധീറും അറിയിച്ചു. ഇതേ തുടർന്ന് എല്ലാ ഹർജികളും ഒരുമിച്ച് വാദം കേൾക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ രൺജിത് കുമാർ, സ്റ്റാന്‍ഡിംഗ് കോൺസൽ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. കേസിൽ തടസ ഹർജി നൽകിയിട്ടുള്ള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി അഭിഭാഷകൻ എം ആർ രമേശ് ബാബു ഹാജരായി. മറ്റൊരു തടസ ഹർജി നൽകിയ തിരുവനന്തപുരം സ്വദേശി അജിത് കുമാറിന് വേണ്ടി സീനിയർ അഭിഭാഷകൻ മഹേഷ് ജെഠ്‌മലാനിയും ഹാജരായി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, ആർ സുഭാഷ് റെഡ്‌ഡി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

2015ല്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കേരളത്തിനാകമാനം അപമാനകരമാകുന്ന പ്രതിഷേധം സഭയില്‍ അരങ്ങേറിയത്. സഭയില്‍ അഴിഞ്ഞാടിയ അന്നത്തെ  പ്രതിപക്ഷം ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തിരുന്നു.