ചീഫ് ജസ്റ്റിസിനെതിരായ പരാതിക്ക് പിന്നിലെ ഗൂഢാലോചനയില്‍ ജുഡീഷ്യല്‍ അന്വേഷണം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. റിട്ടയേഡ് ജസ്റ്റിസ് എ.കെ പട്‌നായികിന്റെ മേൽ നോട്ടത്തിലാണ് അന്വേഷണം നടക്കുക. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചിന്‍റേതാണ് ഉത്തരവ്. സി.ബി.ഐ, ഐ.ബി, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപ്പോർട്ട് സീൽ വെച്ച കവറിൽ സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

വിഷയം അതീവ ഗൌരവമുള്ളതെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം സുപ്രീം കോടതിയിലെ തന്നെ അതൃപ്തരായ ജ‍ഡ്ജിമാരും ഉദ്യോഗസ്ഥരും കോര്‍പറേറ്റ് സ്ഥാപനങ്ങളും ചേര്‍ന്ന ലോബിയുടെ ഗൂഢാലോചനയാണെന്ന് അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിന്‍ ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെ കുരുക്കാൻ വൻ ശക്തികൾ കളിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ അഭിഭാഷകൻ ഉത്സവ് സിംഗ് ബെയ്ൻസിൽ നിന്ന് സത്യവാങ്‌മൂലവും തെളിവുകളും മുദ്രവെച്ച കവറിൽ ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.

ഇന്ന് കോടതിയിൽ ഹാജരായ ബെയ്ൻസ് ഗൂഢാലോചനയിൽ ഉൾപ്പെട്ടവരുടെ പേര് വെളിപ്പെടുത്താൻ ആകില്ലെന്ന് വ്യക്തമാക്കി. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലവും അദ്ദേഹം സമർപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ സത്യമറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അതിൽ നിന്നും ഒഴിഞ്ഞുമാറാൻ അഭിഭാഷകന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. കോടതി നടപടികളെ സ്വാധീനിക്കാനുള്ള ശ്രമം വളരെ ഗൗരവത്തോടെ കാണണമെന്നും നീതിന്യായ സംവിധാനത്തിന്‍റെ നിലനിൽപിനെ ബാധിക്കുന്ന വിഷയമാണിതെന്നും ജസ്റ്റിസ് അരുൺ മിശ്ര നിരീക്ഷിച്ചു. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ചീഫ് ജസ്റ്റിസിന് എതിരെ ഉള്ള പരാതിയെ ബാധിക്കില്ല. ഇക്കാര്യത്തിൽ ആശങ്ക വേണ്ടന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയെ റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല എന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ യുവതിയുടെ പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറി. അന്വേഷണം തീരുന്നത് വരെ ചീഫ് ജസ്റ്റിസ് മാറിനില്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിംഗ് ആവശ്യപ്പെട്ടു. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം തന്‍റെ പരാതിയില്‍ നടക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് എന്‍.വി രമണ പിന്മാറിയത്.

supreme courtjustice Ranjan Gogoi
Comments (0)
Add Comment