ഗുലാംനബി ആസാദിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ കേന്ദ്രത്തിന് തിരിച്ചടി

Jaihind Webdesk
Monday, September 16, 2019

ന്യൂഡല്‍ഹി: കശ്മീര്‍ സന്ദര്‍ശിക്കാനുള്ള നിരന്തര ശ്രമം പരാജയപ്പെട്ട ഗുലാംനബി ആസാദിന് ഒടുവില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി. കശ്മീരില്‍ പോകാനും നാല് ജില്ലകള്‍ സന്ദര്‍ശിക്കാനുമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ജില്ലകളിലെ സാഹചര്യം വിശദമായി പരിശോധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഗുലാംനബി ആസാദിനോട് നിര്‍ദ്ദേശിച്ചു.  ബാരാമുല്ല, ശ്രീനഗര്‍, അനന്ത്നാഗ്, ജമ്മു എന്നീ ജില്ലകള്‍ സന്ദര്‍ശിക്കാനാണ് അനുമതി. എന്നാല്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കിയിട്ടില്ല. വേണ്ടി വന്നാല്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

കശ്മീര്‍ സ്വദേശിയായ ഗുലാം നബി ആസാദിനെ നേരത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടയുകയും മടക്കി ഡല്‍ഹിയിലേക്ക് തന്നെ അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. കശ്മീരിലെ സാഹചര്യം വേഗത്തില്‍ സാധാരണനിലയിലേക്ക് എത്തിക്കാനും ദേശതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ തടവ് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രത്തിനും കശ്മീര്‍ ഭരണകൂടത്തിനും നോട്ടീസ് അയച്ചു. ആവശ്യമെങ്കില്‍ കശ്മീര്‍ ഹൈക്കോടതി സന്ദര്‍ശിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

അതേസമയം, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ദീര്‍ഘകാലം തടവിലിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യസഭാ അംഗമായ ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ കശ്മീരിലെ പൊതുസുരക്ഷാ നിയമം ചുമത്തി. വിചാരണ കൂടാതെ രണ്ടുവര്‍ഷം വരെ തടവിലിടാന്‍ അനുവദിക്കുന്ന നിയമമാണിത്.
ഞായറാഴ്ച രാത്രിയാണ് സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. ഫാറൂഖ് അബ്ദുല്ലയുടെ മോചന വിഷയത്തില്‍ എംഡിഎംകെ നേതാവ് വൈക്കോ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിനെതിരെ പിഎസ്എ ചുമത്തിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.