പടക്ക നിയന്ത്രണം : സമയ ക്രമം സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം

Jaihind Webdesk
Tuesday, October 30, 2018

പടക്ക നിയന്ത്രണത്തിനുള്ള സമയക്രമം സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് സുപ്രീംകോടതി. ദീപാവലിക്ക് രണ്ടു മണിക്കൂർ മാത്രമേ പടക്കം പൊട്ടിക്കാൻ അനുവദിക്കൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഈ രണ്ടു മണിക്കൂർ രാത്രി വേണോ പുലർച്ചെ വേണോ എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും പ്രാദേശിക ആചാരങ്ങൾക്ക് അനുസരിച്ചു സർക്കാരിന് സമയം നിശ്ചയിക്കാം.

പുലർച്ചെ പടക്കം പൊട്ടിക്കാൻ അനുവദിക്കണമെന്ന തമിഴ്‌നാട് സർക്കാരിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവിൽ വ്യക്തത വരുത്തിയത്.

എന്നാൽ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഇളവുണ്ടാകില്ല. ഡൽഹിയിൽ വായു മലിനീകരണം കർശനമായി നിയന്ത്രിക്കണമെന്ന് കോടതി പറഞ്ഞു. ഒരാഴ്ച്ച മുമ്പ് രാജ്യവ്യാപകമായി പടക്കം നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയിരുന്നു .

അതേസമയം, പടക്കം പൊട്ടിക്കാനായി നിയന്ത്രണങ്ങൾ കൊണ്ടുവന്ന കോടതി ഓൺലൈൻ പടക്കവിൽപ്പന നിരോധിക്കുകയും പടക്കം പൊട്ടിക്കുന്നതിന് സമയക്രമവും ഏർപ്പെടുത്തിയിരുന്നു.