യു.പിയില്‍ ബി.ജെ.പിക്കെതിരേ സഖ്യകക്ഷി രംഗത്ത്; യോഗി സര്‍ക്കാരിൽനിന്നു രാജിവച്ച് മന്ത്രിയുടെ പ്രതിഷേധം

Jaihind Webdesk
Tuesday, May 7, 2019

ഉത്തർപ്രദേശിൽ ബിജെപിക്കെതിരേ സഖ്യകക്ഷി രംഗത്ത്. ബിജെപി സർക്കാരിന്‍റെ സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) ഭരണമുന്നണി വിടുകയും പാര്‍ട്ടി അധ്യക്ഷനും യോഗി ആദിത്യനാഥ് സർക്കാരിൽ മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. പാർട്ടിക്ക്‌ യുപി നിയമസഭയിൽ നാല് എംഎൽഎമാരാണുള്ളത്.

ബിജെപിയുമായുള്ള തർക്കത്തെ തുടർന്നാണ് തന്‍റെ രാജിയെന്നും ഏപ്രിൽ 13നു മന്ത്രിക്കു മുൻപാകെ താന്‍ രാജി സമർപ്പിച്ചതാണെന്നും അതു സ്വീകരിക്കണമോ, വേണ്ടയോ എന്ന കാര്യം ബിജെപിക്കു തീരുമാനിക്കാമെന്നും ഓം പ്രകാശ് രാജ്ഭർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് പങ്കിടലിൽ രാജ്ഭറിന്‍റെ പാർട്ടിക്ക് ബിജെപിയുമായി ധാരണയിലെത്താൻ സാധിച്ചിരുന്നില്ല. ബിജെപിയുടെ സീറ്റ് നിഷേധത്തെത്തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാനത്തെ 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയും ഇവര്‍ പ്രഖ്യാപിച്ചു.

ബി.ജെ.പി ചിഹ്നത്തില്‍ താനും മത്സരിക്കണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും എന്നാല്‍ താന്‍ ഒരേയൊരു സീറ്റില്‍ നിന്നേ മത്സരിക്കുന്നുള്ളൂവെന്നും അതു തന്‍റെ പാര്‍ട്ടിയുടെ ചിഹ്നത്തിലാണെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി.ജെ.പി അതംഗീകരിച്ചില്ല. തുടര്‍ന്നാണു താന്‍ രാജിവെച്ചതെന്ന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്ഭര്‍ പറഞ്ഞു.

2017 മുതല്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് എസ്.ബി.എസ്.പി. യോഗി സര്‍ക്കാരിലെ പിന്നാക്കക്ഷേമ മന്ത്രി കൂടിയാണ് അദ്ദേഹം.

ബല്ലിയയടക്കമുള്ള സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ തന്‍റെ പേരുപയോഗിച്ചാണ് ബി.ജെ.പി പ്രചരണം നടത്തുന്നതെന്നും അവരുപയോഗിക്കുന്ന പോസ്റ്ററുകളിലും വാഹനങ്ങളിലും തന്‍റെ ചിത്രങ്ങള്‍ കാണാമെന്നും രാജ്ഭര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയെങ്കിലും ഫലം ഇല്ലെന്നും ബി.ജെ.പിക്ക് അനുകൂലമായാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്.ബി.എസ്.പി ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഏപ്രില്‍ 16-ന് രാജ്ഭര്‍ വ്യക്തമാക്കിയിരുന്നു. തന്‍റെ പാര്‍ട്ടിയെ ഇല്ലാതാക്കണമെന്നതാണ് ബി.ജെ.പിയുടെ ആവശ്യമെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.

കിഴക്കൻ ഉത്തർപ്രദേശിൽ ജനസംഖ്യയുടെ 20 ശതമാനം രാജ്ഭർ സമുദായത്തിൽപെട്ടവരാണ്. യാദവർക്കുശേഷം ഉത്തർപ്രദേശിലെ രണ്ടാം പ്രബല സമുദായമാണ്. 12-നും 19-നും ആണ് കിഴക്കൻ ഉത്തർപ്രദേശിലെ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. അവസാന ഘട്ട തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയുള്ള സഖ്യകക്ഷി നേതാവിന്‍റെ നടപടി ബിജെപി നേതൃത്വത്തെയും അടപടലം ഇളക്കിമറിച്ചിരിക്കുകയാണ്.  സ്ഥിതിഗതികളെ എങ്ങനെ നേരിടണമെന്ന ചര്‍ച്ചകളില്‍ സജീവമാണ് യോഗി ആദിത്യനാഥ് ക്യാമ്പും.[yop_poll id=2]