സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും സഞ്ജീവ് ഭട്ടിന്‍റെ കുടുംബത്തിന് ആശ്വാസത്തണലായി

കസ്റ്റഡി മരണത്തിന്‍റെ രാഷ്ട്രീയ പ്രതികാരത്തിന് ഇരയായ സഞ്ജീവ് ഭട്ടിന്‍റെ കുടുംബത്തിന് പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ച് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശേത്വാ ഭട്ടിനെയും മക്കളെയും ഫോണിൽ വിളിച്ചാണ് തന്‍റെ പിന്തുണയും പ്രാർത്ഥനയും അറിയിച്ചത്.

നീതിക്കു വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടത്തിന്‍റെ കനൽ വഴികളിൽ കാവലായി ഞങ്ങളുണ്ടെന്ന ഉറപ്പ് അവരെ ഏറെ സന്തോഷിപ്പിച്ച പോലെ അവരുടെ നന്ദിവാക്കുകളിൽ പ്രതിഫലിച്ചു. കേരളത്തിലെ ജനങ്ങളുടെ നിറഞ്ഞ പിന്തുണ മുന്നോട്ട് നീങ്ങാൻ പ്രചോദനമാണെന്ന് ശ്വേത ഭട്ട് പറഞ്ഞതായി മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സഞ്ജീവ് ഭട്ടിന്‍റെ കുടുംബത്തോടൊപ്പം ഓരോ ഭാരതീയനും നിലയുറപ്പിക്കേണ്ടതുണ്ടെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് മുനവറലി ശിഹാബ് തങ്ങള്‍ തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

”സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശേത്വ ഭട്ടിനെയും മക്കളെയും ഫോണിൽ ബന്ധപ്പെട്ടു. പിന്തുണയും പ്രാർത്ഥനയും അറിയിച്ചു.നീതിക്കു വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടത്തിന്റെ കനൽ വഴികളിൽ കാവലായി ഞങ്ങളുണ്ടെന്ന ഉറപ്പ് അവരെ ഏറെ സന്തോഷിപ്പിച്ച പോലെ അവരുടെ നന്ദി വാക്കുകളിൽ പ്രതിഫലിച്ചു. കേരളത്തിലെ ജനങ്ങളുടെ നിറഞ്ഞ പിന്തുണ മുന്നോട്ട് നീങ്ങാൻ പ്രചോദനമാണെന്ന് ശ്വേത ഭട്ട് പറഞ്ഞു.

എനിക്ക് സത്യമുണ്ട്, ശക്തിയില്ല.നിങ്ങൾക്ക് ശക്തിയുണ്ട്, സത്യമില്ല. നിങ്ങൾ നിങ്ങളും ഞാൻ ഞാനുമായത് കൊണ്ട് സന്ധിയുടെ പ്രശ്നമേയില്ല, പോരാട്ടം തുടങ്ങട്ടെ എന്ന് പറഞ്ഞ സഞ്ജീവ് ഭട്ടിനെക്കാൾ വലിയ ജീവിക്കുന്ന പ്രതീകവും പ്രചോദനവും ഫാഷിസത്തിന്റെ ഈ കറുത്ത രാപ്പകലുകളിൽ നമുക്ക് മറ്റെന്തുണ്ട്? സ്വന്തം ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞ് ഭൂമിയിൽ വേർതിരിവുകളുടെ മതിൽക്കെട്ടുകൾ തീർക്കുന്ന എന്തിനോടും നിരന്തരം കലഹിക്കാൻ ആ അർദ്ധനഗ്നനായ ഫക്കീറിനെ സജ്ജനാക്കിയതെന്തോ അത് മതേതരത്വത്തെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും തിരിച്ചറിയേണ്ട സമയമാണിത്.

മതേതരത്വവും രാജ്യസ്നേഹവും അധികാരത്തിലേക്കുള്ള കുറുക്ക് വഴികളല്ലാത്ത ഓരോ ഭാരതീയനും സഞ്ജീവ് ഭട്ടിനും ശ്വേതഭട്ടിനുമൊപ്പം നിലയുറപ്പിക്കേണ്ടതുണ്ട്. നാം അവർക്കൊപ്പമായിരിക്കണം. ശ്രീകുമാറിനും ടീസ്റ്റ സെത്തിൽ വാദിനും ഇഹ്സാൻ ജാഫ്രിക്കും ഹരേൻ പാണ്ഡ്യക്കും അതുപോലുള്ള അനേകർക്കുമൊപ്പം. ജനാധിപത്യ മൂല്യങ്ങളെയും മതേതരത്വസിദ്ധാന്തങ്ങളെയും ഹൃദയത്തിലേറ്റിയ മനുഷ്യസ്നേഹികളുടെ ഐക്യദാർഢ്യത്തിനൊപ്പം പങ്ക് ചേരുന്നു.”

Sayyid Munavvar Ali Shihab Thangalsanjiv bhattsweta bhatt
Comments (0)
Add Comment