തിരുവനന്തപുരം : പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം ചെയ്തതിന് അതിക്രൂരമായി പൊലീസ് തല്ലിച്ചതച്ച കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് സെയ്തലി കായ്പ്പാടി വോട്ട് രേഖപ്പെടുത്താനെത്തി. 46 ദിവസമായി ആശുപത്രിയില്‍ തുടരുന്ന സെയ്ദലി വാക്കറിന്‍റെ സഹായത്തോടെയായിരുന്നു വോട്ട് ചെയ്യാനായി എത്തിയത്. സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് നടത്തിയ നരനായാട്ടിനെ തുടർന്ന് ഇപ്പോഴും ചികിത്സയിലാണ് സെയ്താലി.
നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ 175-ാം നമ്പർ ബൂത്തായ വേങ്കോട് ഗവൺമെന്‍റ് യു.പി സ്കൂളിലായിരുന്നു സെയ്ദലിയുടെ വോട്ട്. 46 ദിവസം പിന്നിടുമ്പോഴും പൊലീസ് സെയ്തദലിയുടെ ശരീരത്തില്‍ ഏല്‍പ്പിച്ച ക്ഷതങ്ങള്‍ ഭേദമായിട്ടില്ല. നടക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുള്ളതിനാല്‍ വാക്കറിന്‍റെ സഹായത്തോടെയാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സെയ്തലി എത്തിയത്.
പി.എസ്.സിയെ നോക്കുകുത്തിയാക്കി പിണറായി സർക്കാർ സംസ്ഥാനത്ത് നടത്തിയ പിൻവാതിൽ നിയമനങ്ങള്‍ക്കെതിരെ ഫെബ്രുവരി 18 ന് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലാണ് പൊലീസ് കിരാത മർദനം അഴിച്ചുവിട്ടത്. അന്നത്തെ സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്, എൻ.എസ്.യു നേതാവ് എറിക്ക് സ്റ്റീഫൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്നേഹ അടക്കമുള്ള നിരവധി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.