കവരത്തി : വിവാദ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ വേറിട്ട സമരത്തിനൊരുങ്ങി ലക്ഷദ്വീപ് നിവാസികള്‍. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ ദ്വീപ് നിവാസികള്‍ നാളെ ‘ഓലമടല് സമരം’ നടത്തും.
രാവിലെ 9 മുതൽ 10 വരെ സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നുള്ള ഓലയിട്ട് അതിന്റെ മുകളിലിരുന്ന് പ്ലക്കാർഡുയർത്തി പ്രതിഷേധിക്കാനാണ് തീരുമാനം. തേങ്ങയും ഓലയും പറമ്പില്‍ ഇടരുതെന്ന വിവാദ ഉത്തരവിനെതിരെയാണ് സമരം. തെങ്ങിൽ നിന്ന് പൊഴിയുന്ന ഓല കൂട്ടിയിട്ടാൽ വൻ തുകയാണ് പിഴയായി ഈടാക്കുന്നത്. ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴ ഈടാക്കുന്നത് നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയാണു സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ എല്ലാ ദ്വീപുകളിലും ഒരേ സമയം സമരം നടത്തുന്നത്.