സൗദിയിലെ എണ്ണ പ്രതിസന്ധി: ഇന്ധനവില 6 രൂപവരെ കൂടും; വിമാന നിരക്കുകള്‍ പൊള്ളും

Jaihind Webdesk
Tuesday, September 17, 2019

സൗദി അറേബ്യയിലെ എണ്ണ പ്രതിസന്ധിയില്‍ നട്ടം തിരിയാന്‍ പോകുന്നത് ഇന്ത്യക്കാരും. എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ആരാംകോയുടെ എണ്ണ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെവരുന്ന ആഴ്ച്ചകളില്‍ ഇന്ത്യയില്‍ എണ്ണവില അഞ്ചുമുതല്‍ ആറുരൂപവരെ കൂടിയേക്കും എന്നാണ് പുറത്തുവരുന്ന അവലോകനങ്ങള്‍. ക്രിസ്മസ് ന്യൂ ഇയര്‍ സീസണില്‍ വിമാന യാത്രാ നിരക്കുകളിലും വന്‍ വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ക്രൂഡോയില്‍ വിലയില്‍ മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ വര്‍ധനവാണ് കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 28 വര്‍ഷത്തിനിടെ എണ്ണവിലയില്‍ ഒരുദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വിലവര്‍ധനവ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരുന്ന ആഴ്ചകളില്‍ ഇന്ധനവിലയില്‍ ആറ് രൂപ വരെ വര്‍ധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് സൈനിക തിരിച്ചടിയുണ്ടാകുമോയെന്ന സംശയം നിലനില്‍ക്കെയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. അരാംകോയില്‍ ആക്രമണമുണ്ടായതിന്റെ മൂന്നാംദിവസമായ ചൊച്ചാഴ്ചയും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടായി. പെട്രോളിന് 18 പൈസയും ഡീസലിനും 33 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
വരുംദിവസങ്ങളില്‍ ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ വിലയില്‍ അഞ്ചുമുതല്‍ ആറുരൂപയുടെ വരെ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ സൗദിയിലെ ആക്രമണത്തിനുശേഷം ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ തടസങ്ങളൊന്നും നേരിട്ടിട്ടില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇന്ത്യയിലേക്കുള്ള എണ്ണവിതരണത്തില്‍ യാതൊരു തടസങ്ങളുമുണ്ടാകില്ലെന്ന് ഉറപ്പാണെന്നും മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

നിലവിലെ സാഹചര്യത്തില്‍ വ്യോമഗാതാഗത നിരക്കുകളിലും വന്‍വര്‍ധനവുണ്ടാകും. ഉത്സവകാലത്തുണ്ടാകുന്ന വിലവര്‍ധനവിന് പുറമെയാണിത്. ‘ഒക്ടോബര്‍- നവംബര്‍ കാലയളവില്‍ വിമാന നിരക്കില്‍ പത്തുമുതല്‍ പതിനഞ്ച് ശതമാനം വരെ വര്‍ധനവ് ഉണ്ടായേക്കും. സെപ്റ്റംബര്‍ അവസാന ആഴ്ച മുതല്‍ തന്നെ നിരക്കില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. പക്ഷേ ക്രൂഡ് ഓയില്‍ വില ഉയരുകയാണെങ്കില്‍ വിമാന നിരക്കുകളില്‍ നേരത്തെ തന്നെ വര്‍ധനവ് ഉണ്ടായേക്കും.