നിയമസഭാ കവാടത്തിലെ സാമാജികരുടെ സത്യാഗ്രഹം അഞ്ചാം ദിവസത്തിലേയ്ക്ക്

Jaihind Webdesk
Friday, December 7, 2018

UDF-MLA-Satyagraha

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അനാവശ്യ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പിന്‍വലിക്കണമെന്നും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. എം.എല്‍.എ.മാരായ വി.എസ്.ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, ഡോ.എന്‍.ജയരാജ് എന്നിവര്‍ നിയമസഭാ കവാടത്തിനുമുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം നാലാം ദിവസം പിന്നിട്ടു.

ശബരിമലയിലേര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയും നിയന്ത്രണങ്ങളുമാണ് ശബരിമല വരുമാനം ഗണ്യമായി കുറയാന്‍ കാരണമെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കുകവഴി ശബരിമലയില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണെന്ന സന്ദേശമാണ് ദേശവ്യാപകമായി തീര്‍ഥാടകര്‍ക്കിടയില്‍ നിലനില്‍ക്കുന്നതെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു. ശബരിമല പൂര്‍വ്വസ്ഥിതിയിലായാല്‍ മാത്രമേ ഭക്തജനങ്ങള്‍ക്ക് മന:സമാധാനത്തോടെ ദര്‍ശനത്തിനെത്താന്‍ കഴിയുകയുള്ളൂ. ഇക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയും അനാവശ്യ നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം അനുഷ്ഠിക്കുന്നതെന്നും എം.എല്‍.എ.മാര്‍ പറഞ്ഞു.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ.ബാലന്‍, എ.സി.മൊയ്തീന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.എല്‍.എ.മാരായ കെ.മുരളീധരന്‍, വി.ഡി.സതീശന്‍, പി.സി.ജോര്‍ജ്ജ്, കെ.ബി.ഗണേഷ് കുമാര്‍, എം.ആര്‍.തമ്പാന്‍, കാട്ടൂര്‍ നാരായണ പിള്ള, വിളക്കുടി രാജേന്ദ്രന്‍, ബാബു കുഴിമറ്റം, കലാം കോച്ചേറ, സാവിത്രി ലക്ഷ്മണ്‍, റോസക്കുട്ടി ടീച്ചര്‍ തുടങ്ങിയവര്‍ എം.എല്‍.എ.മാരെ സന്ദര്‍ശിച്ചു.