ദേശീയപാത വികസനം: ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ മൂലം വൈകുന്നു; അടിയന്തര നടപടി ഉണ്ടാകണമെന്ന് സതീശൻ പാച്ചേനി

Jaihind News Bureau
Sunday, June 7, 2020

 

കേന്ദ്ര സർക്കാർ പണം നല്‍കിയിട്ടും സംസ്ഥാന സർക്കാറിന്‍റെ  അനാസ്ഥ മൂലം ദേശീയപാതയ്ക്ക് വേണ്ടി സ്ഥലം വിട്ടുകൊടുത്ത ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക നല്‍കാൻ കഴിയാത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന്   ഡി.സി.സി പ്രസിഡന്‍റ്  സതീശൻ പാച്ചേനി.  ജനങ്ങൾക്ക് ലഭിക്കേണ്ട പണം അടിയന്തരമായും അനുവദിക്കാനും വിതരണം ചെയ്യാനും ദ്രുതഗതിയിൽ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര ഗവൺമെന്‍റും സംസ്ഥാന ഗവൺമെന്‍റും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാര തുകയുടെ 75 ശതമാനം തുക കേന്ദ്ര സർക്കാറും 25 ശതമാനം തുക സംസ്ഥാന സർക്കാറും നൽകുമെന്നായിരുന്നു വ്യവസ്ഥ. കണ്ണൂർ ജില്ലയിലെ എളയാവൂർ വില്ലേജിൽ മാത്രം നൽകേണ്ട 150 കോടി രൂപയിൽ കേന്ദ്ര സർക്കാർ വിഹിതമായി 49 കോടി രൂപ അലോട്ട്മെന്‍റ് വന്ന് സർക്കാർ ഖജനാവിൽ കിടക്കുമ്പോൾ സംസ്ഥാനസർക്കാർ നൽകേണ്ട പണം അനുവദിക്കാത്തതിനാൽ ജനങ്ങൾക്ക് നഷ്ടപരിഹാര തുക നൽകാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

പാപ്പിനിശ്ശേരി മുതൽ മുഴപ്പിലങ്ങാട് വരെയുള്ള വില്ലേജുകളിലെ പരിധിയുള്ള കണ്ണൂർ എൽ.എ.എൻ.എച്ച്.എ.ഐ ഓഫീസിൽ മാത്രം 150 കോടി രൂപയാണ് ജനങ്ങൾക്ക് നൽകാനുള്ളത്. ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ നാല് സ്പെഷ്യൽ തഹസിൽദാർ ഓഫീസുകൾക്ക് കീഴിലും കൂടി 450 കോടിയോളം രൂപ ജനങ്ങൾക്ക് ലഭിക്കാനുള്ള സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പണം അനുവദിക്കാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്.

താമസിക്കുന്ന വീടും സ്ഥലവും ഉൾപ്പെടെ ദേശീയപാതയ്ക്ക് വേണ്ടി വിട്ടു കൊടുത്ത ജനങ്ങൾ സ്വന്തമായി മറ്റൊരു സ്ഥലത്ത് വീടും സൗകര്യങ്ങളും ഒരുക്കുന്നതിന് വേണ്ടി നഷ്ടപരിഹാര തുക ലഭിക്കുന്നതിന് അനന്തമായി കാത്തിരിക്കേണ്ടുന്ന നിലവിലുള്ള അവസ്ഥക്ക് പരിഹാരം കാണാൻ സർക്കാർ ഉടനടി തയ്യാറാകണമെന്നും ജനങ്ങൾക്ക് നൽകേണ്ട പണം അടിയന്തരമായും വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിലേക്ക് കോൺഗ്രസ് മുന്നോട്ടുപോകുമെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.