ജില്ലാ ഭരണകൂടത്തിന്‍റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റേഷൻ വിതരണം നടത്തണം: സതീശൻ പാച്ചേനി

Jaihind News Bureau
Thursday, April 2, 2020

കണ്ണൂര്‍:  ജില്ലാ ഭരണകൂടം നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റേഷൻ വിതരണം നടത്തണമെന്നും ഭരണകൂടത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് ജില്ലയിലെ പല പ്രദേശങ്ങളിലും റേഷൻ വിതരണത്തിൽ അനഭിലഷണീയമായ പ്രവണതകൾ നടത്തുകയാണെന്നും സർക്കാർ തീരുമാനിച്ച മാനദണ്ഡമനുസരിച്ച് റേഷൻ വിതരണം കൃത്യതയോടെ നടത്തണമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

സർക്കാർ നിർദ്ദേശത്തിനനുസരിച്ച് റേഷൻ കാർഡുമായി റേഷൻകടകളിൽ പോയ നൂറുകണക്കിനാളുകൾക്ക് റേഷൻ കിട്ടാത്ത സാഹചര്യം ഉണ്ടായെന്നും സന്നദ്ധപ്രവർത്തകർ അല്ലാത്ത ആളുകൾ റേഷൻകടയിൽ നിന്നും കൂട്ടത്തോടെ സാധനങ്ങൾ വാങ്ങി പോകുന്ന അവസ്ഥയാണ് പല സ്ഥലത്തും ഉണ്ടായിട്ടുള്ളത്.

സർക്കാറിന്‍റെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് വേണ്ടി സന്നദ്ധ പ്രവർത്തകരോട് പേര് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി ആ തീരുമാനം ഇത് വരെ നടപ്പിലാക്കിയിട്ടില്ലെന്നും മണിക്കൂറുകൾ വെച്ച് തീരുമാനം മാറ്റുകയാണെന്നും സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ കാർഡ് പോലും നൽകാൻ ഇതുവരെ സംവിധാനമൊരുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം,

മുഖ്യമന്ത്രി നിർദ്ദേശിച്ച വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരോട് നിത്യേന വിവിധ വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ വീണ്ടും ആവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകരെ കോമാളി വേഷം കെട്ടാൻ പ്രേരിപ്പിക്കുന്നത് പോലെയുള്ള നടപടി ശരിയല്ലെന്നും എടുത്ത തീരുമാനം നടപ്പിലാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും സർക്കാർ നിർവ്വഹിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.