സംസ്ഥാന സർക്കാർ എഴുപത് ലക്ഷം രൂപ അനുവദിച്ച് സഹായിച്ച് സംഘടിപ്പിക്കുന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസ് പോലുള്ള ഔദ്യോഗിക സ്വഭാവമുള്ള വിവിധ പരിപാടികൾ ഗവർണറെ ഉദ്ഘാടകൻ ആക്കി മേനി നടിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമം നാടിന് ഗുണകരമല്ലെന്നും നിലവിലുള്ള സാമൂഹ്യ സാഹചര്യത്തിൽ ഒഴിവാക്കേണ്ടതുമാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
ആർഎസ്എസ് നയങ്ങൾക്ക് പ്രചാരകനായി മാറുകയും, ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് കുഴലൂത്ത് പാടുകയും ചെയ്യുന്ന ഗവർണർ സ്ഥാനത്തിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നില്ലെന്ന് പകൽ പോലെ വ്യക്തമാണ്.
പൗരത്വ ഭേദഗതി നിയമത്തെ ആവേശപൂർവ്വം അനുകൂലിച്ച ഗവർണറുടെ നടപടിയെ കേരളം മുഴുവൻ എതിർത്തതാണ്. ഒരുഭാഗത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തുകയും മറുഭാഗത്ത് പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായി സംസാരിക്കുന്നവർക്ക് കൂടുതൽ പൊതു പരിപാടികൾ നൽകി അംഗീകരിക്കുകയും ചെയ്യുന്ന സിപിഎം ശൈലി നാടിനെയും ജനങ്ങളെയും വഞ്ചിക്കുന്നതാണ്.
ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിലെ ഗവർണർമാർ ആരിഫ് മുഹമ്മദ് ഖാനെ പോലെ ആർഎസ്എസ് പ്രചാരവേല ഏറ്റെടുത്തപ്പോൾ ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഗവർണർക്കെതിരെ നിലപാട് എടുത്തത് ഇന്ത്യ കണ്ടതാണ്. പക്ഷേ കേരളത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുടെ നിലപാടിനെതിരെ ഒരക്ഷരംപോലും ഉരിയാടാൻ തയ്യാറായിട്ടില്ല എന്നത് സിപിഎമ്മിന്റെ കാപട്യമാണ് വ്യക്തമാക്കുന്നത് എന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.