കണ്ണൂർ മുന്‍ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി (54) അന്തരിച്ചു

 

കണ്ണൂർ : കണ്ണൂർ മുൻ ഡിസിസി പ്രസിഡന്‍റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ സതീശൻ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നായിരുന്നു അന്ത്യം. ബോധക്ഷയം ഉണ്ടായതിനെ തുടർന്നാണ് സതീശൻ പാച്ചേനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ  നൽകിട്ടും ജീവൻ രക്ഷിക്കാനായില്ല. 54 വയസായിരുന്നു.

ഇക്കഴിഞ്ഞ 19 ന് രാത്രിയാണ് സതീശൻ പാച്ചേനിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില കൂടുതല്‍ വഷളായതോടെ ഡോക്ടർമാർ ബന്ധുക്കളോട് വിവരം ധരിപ്പിച്ചു.

ഇതിനിടെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ആശുപത്രിയിലെത്തി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. സതീശൻ പാച്ചേനിയുടെ ആരോഗ്യനില വഷളായതറിഞ്ഞ് നിരവധി പ്രവർത്തകരും നേതാക്കളും ആശുപത്രി പരിസരത്ത് എത്തി. 11.45 ഓടെ സതീശൻ പാച്ചേനി മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തളിപ്പറമ്പ് അർബൻ സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന കെ.വി റീനയാണ് ഭാര്യ. കോഴിക്കോട് ദേവഗിരി കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന ജവഹറും ഉറുസിലിൻ സീനിയർ സെക്കന്‍ററി സ്കൂളിൽ പഠിക്കുന്ന സാനിയയുമാണ് മക്കൾ. തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് സെക്രട്ടറി സുരേഷ് പാച്ചേനി സഹോദരനും സിന്ധു, സുധ എന്നിവർ സഹോദരിമാരുമാണ്.

Comments (0)
Add Comment