കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജനങ്ങൾ ലോക്ക് ഡൗണിലായതിനാൽ രോഗികൾക്ക് അത്യാവശ്യമായ മരുന്നുകൾ നല്കാനും ചികിത്സാ പരിശോധന സംവിധാനങ്ങൾക്ക് സഹായം നല്കാൻ വേണ്ടിയും അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാനും പ്രത്യേക സന്നദ്ധ സേന രൂപീകരിക്കണമെന്ന് സതീശൻ പാച്ചേനി പറഞ്ഞു.
ഹൃദ്രോഗബാധിതർക്കും കാൻസർപോലുള്ള രോഗപീഡകളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവർക്കും സമയത്തിന് മരുന്ന് കിട്ടാത്തതിന്റെയും , വിവിധപ്രദേശങ്ങളിൽ ആരോഗ്യ സംബദ്ധമായ പലവിധ പ്രയാസങ്ങളും ജനങ്ങൾ നേരിടുകയാണെന്നും നിത്യേന മരുന്ന് കഴിക്കേണ്ടി വരുന്ന ആയിരക്കണക്കിന് രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ അവശ്യ മരുന്നുകൾ എത്തിക്കുന്നതിന് കൃത്യമായ പദ്ധതി ഭരണകൂടം തയ്യാറാക്കണമെന്നും, മെബൈൽ മെഡിക്കൽ ഷോപ്പുകൾ തയ്യാറാക്കിക്കൊണ്ട് അവശ്യ മരുന്നുകൾ ജനങ്ങൾക്ക് ലഭ്യമാകുന്ന നടപടികൾ ഉണ്ടാവണമെന്നും, പരിശോധനകൾക്കായി ഗ്രാമീണമേഖലയിൽ കൂടുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വീടുകളിൽ ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ വ്യക്തികളുടെ രക്തപരിശോധനയ്ക്കും സ്പെഷലൈസ്ഡ് ടീമിനെ നിയോഗിച്ച് നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
സ്വകാര്യ ലാബുകൾ അടച്ചത് മൂലമുള്ള പ്രയാസങ്ങൾ പരിഹരിക്കാൻ ബദൽ മാർഗ്ഗങ്ങൾ എർപ്പെടുത്തണമെന്നും ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ പോലും ലഭ്യമല്ലാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും, ജനങ്ങളുടെ ആരോഗ്യ സംരക്ഷണം നോക്കേണ്ട ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണ ഉപകരണങ്ങൾ അടിയന്തിരമായി നൽകണമെന്നും, അവശ്യസാധനങ്ങൾ ഉൾപ്പെടെ ജനങ്ങൾക്ക് എത്തിക്കുന്നതിന് പ്രത്യേക സന്നദ്ധ സേന രൂപീകരിക്കണമെന്നും കോവിഡ് നേരിടാനുള്ള ജാഗ്രതാ പൂർണമായ ഇടപെടലുകളിൽ വീഴ്ച ഉണ്ടാവരുതെന്നും സന്നദ്ധ സേന രൂപീകരണത്തിന് 5000 സന്നദ്ധ സേവകരുടെ സേവനം നല്കാൻ കോൺഗ്രസ് തയ്യാറാണെന്നും ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.