യൂത്ത് കെയർ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് മർദ്ദനം ; കണ്ണൂരില്‍ സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നു : സതീശൻ പാച്ചേനി

Jaihind Webdesk
Monday, June 21, 2021

കണ്ണൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യൂത്ത് കോൺഗ്രസ്, യൂത്ത് കെയർ പ്രവർത്തകരെ അക്രമിച്ചും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ എംപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് സ്ഥാപിച്ച കമാനങ്ങളും കട്ടൗട്ടുകളും വ്യാപകമായി നശിപ്പിച്ചും ജില്ലയിൽ സിപിഎം നേതൃത്വത്തിൽ അക്രമത്തിന് കോപ്പ് കൂട്ടുകയാണെന്ന് ഡിസിസി പ്രസിഡന്‍റ്  സതീശൻ പാച്ചേനി പറഞ്ഞു.

യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററും യൂത്ത് കെയർ ജില്ലാ ചുമതലവഹിക്കുന്ന മെബിൻ പീറ്ററെ കാറിൽ യാത്ര ചെയ്യുമ്പോൾ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ച് കാർ തല്ലിത്തകർത്തു. ഗുരുതരമായി പരിക്കേറ്റ മെബിൻ പീറ്ററെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം ഏച്ചൂരില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിഷ്ണുനാരായണനെയും കതിരൂരിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കെ.അഫ്സലിനെയും ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കടമ്പൂരും, കാടാച്ചിറയിലും, മമ്മാക്കുന്നിലും കെ. സുധാകരൻ എംപിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സ്ഥാപിച്ച കട്ടൗട്ടുകളും ബോർഡും നശിപ്പിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പ്രവർത്തകരെ തെരഞ്ഞുപിടിച്ച് മർദ്ദിച്ച് പരിക്കേൽപ്പിക്കുന്ന സിപിഎം കാടത്തം പൊതുസമൂഹം തിരിച്ചറിയണമെന്നും ക്രിമിനൽ പ്രവർത്തനവും രാഷ്ട്രീയ അസഹിഷ്ണുതയും കൊണ്ട് ജനങ്ങളുടെ സ്വതന്ത്രമായ സാമൂഹ്യസേവന പ്രവർത്തനത്തിന് പോലും വിഘാതമായി നില്‍ക്കുന്ന സിപിഎം നടപടിയിൽ ശക്തമായി ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്നും സിപിഎം അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മെബിൻ പീറ്ററെ സന്ദർശിച്ചതിന് ശേഷം പ്രസ്താവനയിൽ സതീശൻ പാച്ചേനി പറഞ്ഞു.