എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി തകരാറും, ഹനുമാന്‍ കുരങ്ങുകളുടെ ചാട്ടവും ആസൂത്രിതമോ? പ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധമാറ്റാനുള്ള സര്‍ക്കാരിന്റെ അടവ് നയമോ?

തിരുവനന്തപുരം: സെപ്തംബര്‍ 29 ന് നിലമ്പൂര്‍ ചന്തമുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും ആഞ്ഞടിക്കുകയാണ് പി.വി അന്‍വര്‍ എംഎല്‍എ. പ്രസംഗം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ എല്ലാ കണ്ണുകളും തലസ്ഥാന നഗരിയിലേക്കായി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ വൈദ്യുതി ഇല്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന തലസ്ഥാനത്തെ ആശുപത്രിയാണ് എസ്.എ.ടി. വൈദ്യുതി തടസമുണ്ടായതിന് പിന്നാലെ ജനറേറ്ററും തകരാറിലായതോടെ മൂന്നുമണിക്കൂറോളം ഇരുട്ടിലായി. ആശുപത്രിക്ക് ഉള്ളില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളും ഗര്‍ഭിണികളായ സ്ത്രീകളും ഉള്‍പ്പെടെ കുറ്റാക്കൂരിരുട്ടിലായതോടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും കടുത്ത പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് പുറത്ത് നിന്ന് താത്കാലിക ജനറേറ്റര്‍ എത്തിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. 7.30ന് ഇരുട്ടിലായ ആശുപത്രിയില്‍ വെളിച്ചംവന്നത് രാത്രി 10.23നാണ്.

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടിയത് ഇന്നലെയായിരുന്നു. രാവിലെ മുതലാണ് ഇവയെ കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്നത്.
നാല് ഹനുമാന്‍ കുരങ്ങുകളാണ് കൂട്ടിലുണ്ടായിരുന്നത്. മൂന്ന് പെണ്‍ കുരങ്ങുകളെയാണ് കാണാതായത്. തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ മൃഗശാലാ വളപ്പിലെ മരങ്ങളില്‍ കയറിക്കൂടുകയായിരുന്നു.

സെപ്തംബര്‍ 29 ന് പി.വി അന്‍വറിന്റെ പ്രസംഗവും, സെപ്തംബര്‍ 30 ന് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും. രണ്ട് സുപ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ഗൂഢ നീക്കമാണോ കറണ്ട്കട്ടും, കുരങ്ങു ചാട്ടവും എന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ചോദ്യങ്ങളുയരുന്നത്. ഇതിന് മുന്‍പും പലവിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സിപിഎം പല നീക്കങ്ങളും നടത്തിയിട്ടുണ്ട് എന്നതുകൊണ്ടു തന്നെ ആരും ഇതില്‍ വലിയ അത്ഭുതം കാണുന്നില്ലതാനും.

Comments (0)
Add Comment