യുഎസ് കപ്പൽ വിന്യാസം : പ്രകോപനം ഒഴിവാക്കാമായിരുന്നെന്ന് ശശി തരൂർ എംപി

 

ന്യൂഡൽഹി: യുഎസ് നാവികസേന കപ്പൽ വിന്യാസം ഒഴിവാക്കാമായിരുന്നുവെന്ന് ശശി തരൂർ എംപി. ലക്ഷദ്വീപിലെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ അനുവാദമില്ലാതെ നടത്തിയ യുഎസ് നാവികസേനയുടെ കപ്പൽ വിന്യാസത്തിലാണ് ശശി തരൂർ എംപിയുടെ  പ്രതികരണം. യുഎസ് നടപടിയിൽ രാജ്യാന്തര നിയമങ്ങളുടെ ലംഘനമില്ലെങ്കിലും ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നീക്കം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. രാജ്യാന്തര നിയമങ്ങൾ കാറ്റിൽ പറത്തിയെന്നല്ല മറിച്ച് ഇന്ത്യയുടെ വികാരങ്ങളെ മാനിക്കാത്തതിനാലാണ് യുഎസ് പ്രതിക്കൂട്ടിലാകുന്നതെന്നും തരൂർ കുറിച്ചു.

ദക്ഷിണ ചൈനാ കടലില്‍ യുഎസ് സേന നടത്താറുള്ള കപ്പല്‍ വിന്യാസത്തിനു സമാനമാണ് ലക്ഷദ്വീപിലെ യുഎസിന്‍റെ സ്വതന്ത്ര കപ്പല്‍ വിന്യാസമെന്നും ശശി തരൂർ എംപി പറയുന്നു.യുഎസ് നാവികസേനയുടെ ഏഴാം കപ്പൽപ്പടയാണ് ബുധനാഴ്ച ലക്ഷദ്വീപിൽനിന്ന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കപ്പൽ വിന്യാസം നടത്തിയത്. ഇന്ത്യയുടെ കടൽ സുരക്ഷാ നയത്തിനു വിരുദ്ധമാണ് യുഎസ് നടപടി. യുഎസ്എസ് ജോൺ പോൾ ജോൺസ് എന്ന പേരിലുള്ള കപ്പലാണ് ഇന്ത്യൻ പരിധിക്കുള്ളിൽ കയറിയതെന്ന് യുഎസ് നാവികസേന പ്രസ്താവനയിൽ അറിയിച്ചു.

 

 

Comments (0)
Add Comment