സോളാർ തട്ടിപ്പ് : സരിത കുറ്റക്കാരിയെന്ന് മജിസ്ട്രേറ്റ് കോടതി

Jaihind Webdesk
Tuesday, April 27, 2021

 

കോഴിക്കോട് : സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിൽ പ്രതി രണ്ടാം പ്രതി സരിത എസ്. നായർ കുറ്റക്കാരിയെന്നു കോഴിക്കോട് മജിസ്ട്രേട്ട് കോടതി വിധിച്ചു. കോഴിക്കോട് സെന്‍റ് വിൻസെന്‍റ് കോളനി ഫജർ ഹൗസിൽ അബ്ദുൽ മജീദിന്‍റെ വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് വിധി. വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കുന്നതിനു പുറമേ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ടീം സോളർ കമ്പനിയുടെ ഫ്രാഞ്ചൈസി, വിൻഡ്മിൽ പദ്ധതിയിൽ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണു പരാതി. കേസിൽ 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു.

സരിത കോടതിയിൽ ഹാജരാകാത്തതിനാൽ വിധി പറയുന്നതു പല തവണ മാറ്റിവച്ച കേസിലാണ് കോടതി നടപടി. തുടർച്ചയായി ഹാജരാകാത്തതിനാൽ കോടതിയുടെ അറസ്റ്റ് വാറന്‍റ് പ്രകാരം സരിതയെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലാണ് സരിത. മൂന്നാം പ്രതി ബി. മണിമോനെ വിട്ടയച്ചു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറന്റീനിൽ ആയതിനാൽ അവധിക്ക് അപേക്ഷിച്ചിരുന്നു.

2019 ൽ ഏപ്രിൽ വരെ നാലു തവണ കേസ് വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരായില്ല. 2019 മേയിൽ മജിസ്ട്രേട്ട് സ്ഥലം മാറി. പുതിയ മജിസ്ട്രേട്ട് ചുമതലയേറ്റപ്പോൾ വീണ്ടും വാദം കേട്ടു. 2021 ഫെബ്രുവരിയിൽ വീണ്ടും വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാൽ കേസ് നീളുകയായിരുന്നു.