സരിത.എസ്.നായർ പ്രതിയായ തൊഴില്‍ തട്ടിപ്പ് : ഒന്നാം പ്രതിയും എൽഡിഎഫ് പഞ്ചായത്തംഗവുമായ രതീഷ് അറസ്റ്റില്‍

Jaihind Webdesk
Friday, April 16, 2021

 

തിരുവനന്തപുരം: ബെവ്കോ, കെടിഡിസി എന്നിവടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് സരിത എസ് നായർ അടങ്ങുന്ന സംഘം പണം തട്ടിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. എൽഡിഎഫ് പഞ്ചായത്തംഗം രതീഷാണ് അറസ്റ്റിലായത്. പ്രതികളെ പൊലീസും സർക്കാരും സംരക്ഷിക്കുന്നു എന്ന വിമർശനം ശക്തമായതിന് പിന്നാലെയാണ് അറസ്റ്റ്.

കെ.ടി.ഡി.സി.യിൽ ജോലി വാഗ്ദാനംചെയ്ത് അഞ്ചുലക്ഷം രൂപയും, ബിവറേജസ് കോർപ്പറേഷനിൽ സ്റ്റോർ അസിസ്റ്റന്റായി നിയമനം വാങ്ങി നൽകാമെന്നു പറഞ്ഞ് 11.5 ലക്ഷം രൂപയും തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. സോളാർ കേസ് പ്രതി സരിത എസ് നായർ, രതീഷ്, ഷൈജു പാലോട് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. കേസിൽ ഒന്നാം പ്രതിയും കുന്നത്തുകാൽ എൽഡിഎഫ് പഞ്ചായത്തംഗവുമായ രതീഷാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സർക്കാരിന്റെയും ഒപ്പം പൊലീസിന്റെയും ഭാഗത്ത് നിന്ന് പ്രതികൾക്ക് വലിയ സഹായം ലഭിച്ചിരുന്നു. കേസ് വലിയ വിവാദം ആയപ്പോഴും പ്രതികളെ അറസ്റ് ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. പൊലീസിനെതിരെ വിമർശനം കനത്തതിന് പിന്നാലെയാണ് അറസ്റ്റ്. പണം നൽകിയവർക്ക് സ്ഥാപനങ്ങളുടെ പേരിൽ ജോലിക്കു കയറാനുള്ള ഉത്തരവും പ്രതികള്‍ നൽകിയിരുന്നു. തൊഴിൽ തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥിയായും സരിത എസ് നായരും തമ്മിലുള്ള ഫോൺ സംഭാഷണം നേരത്തെ ജയ്ഹിന്ദ് ന്യൂസ് പുറത്ത് വിട്ടിരുന്നു. തൊഴിൽ ലഭ്യമാകുമെന്ന ഉറപ്പിന് വേണ്ടി ഉദ്യോഗാർത്ഥിക്ക് മന്ത്രി ടി പി രാമകൃഷ്ണന്‍റെ  പിഎ യുമായി സംസാരിക്കാൻ അവസരമൊരുക്കാമെന്ന് സരിത ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. ഇത് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നും സരിത പറഞ്ഞിരുന്നു.