സോളാർ കേസില്‍ ഹാജരായില്ല : സരിത അറസ്റ്റില്‍

Jaihind Webdesk
Thursday, April 22, 2021

തിരുവനന്തപുരം : സോളാർ തട്ടിപ്പ് കേസില്‍ സരിതാ എസ് നായർ അറസ്റ്റില്‍. കോഴിക്കോട് പൊലീസാണ് സരിതയെ അറസ്റ്റ് ചെയ്തത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും  കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതാണ് അറസ്റ്റിന് കാരണം. തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

സോളാര്‍ പാനല്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കസബ പോലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ മാസം കേസിന്‍റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല.

സോളാര്‍ തട്ടിപ്പ് കേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളില്‍ സരിതക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതി മൂന്ന് ആണ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.