സരിന്‍റേത് എം.ബി. രാജേഷിന്‍റെ വാക്കുകള്‍, ബിജെപിയുമായും സിപിഎമ്മുമായും ചര്‍ച്ച നടത്തിയ ആളെ യുഡിഎഫ് എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് വി.ഡി. സതീശന്‍

 

തൃശൂര്‍: പി. സരിൻ ​ബിജെപിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സരിന്‍റേത് ആസൂത്രിത നീക്കമാണെന്നും ഇപ്പോള്‍ പറയുന്നത് സിപിഎമ്മിന്‍റെ വാദങ്ങളാണെന്നും വി.ഡി സതീശൻ തുറന്നടിച്ചു. സരിന്‍ ആദ്യം ബിജെപി സ്ഥാനാര്‍ത്ഥിയാവാന്‍ നോക്കിയിരുന്നു അത് പരാജയപ്പെട്ടപ്പോഴാണ് സിപിഎമ്മിലേക്ക് ചുവടുമാറ്റിയത്. സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് സരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് ഒരു സിപിഎം നരേറ്റീവാണ് അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞത്. അത് പാലക്കാട് നിന്നുള്ള മന്ത്രി എം.ബി. രാജേഷ് എഴുതിക്കൊടുത്തതാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയില്‍ സിപിഎം എംഎല്‍എമാരും മന്ത്രിമാരും എന്നെ കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിനും പറഞ്ഞത്. അതിന് ഞാന്‍ അപ്പോള്‍ തന്നെ മറുപടിയും നല്‍കി. ഞാന്‍ ധിക്കാരിയാണ്, അഹങ്കാരിയാണ്,  ധാര്‍ഷ്ട്യക്കാരനാണ് ആരെയും വകവയ്ക്കാത്തവനാണ് എന്നൊക്കെയാണ് പറഞ്ഞത്. അത് അവര്‍ എന്നെക്കുറിച്ച് പറഞ്ഞതല്ല. അടുത്ത് ചെന്നാല്‍ കടക്ക് പുറത്തെന്നു പറയുകയും കണ്ണുമിഴിച്ച് നോക്കുകയും ചെയ്യുന്ന ആളോട് അങ്ങനെയൊക്കെ പറയാന്‍ അവര്‍ക്ക്  ഉള്ളില്‍ ആഗ്രഹമുണ്ട്, പക്ഷെ അത് പുറത്ത് പറയാന്‍ ധൈര്യമില്ല. അതുകൊണ്ടാണ് നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞത്. നിങ്ങള്‍ ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് എനിക്ക് നല്ല ബോധ്യമുണ്ടെന്നും ഞാന്‍ നിയമസഭയില്‍ മറുപടി നല്‍കി. അതുതന്നെയാണ് ഒരു മന്ത്രി പറഞ്ഞത് അനുസരിച്ച് സിപിഎമ്മില്‍ ചേരാന്‍ പോകുന്ന ആളും പറഞ്ഞത്.

സിപിഎമ്മുമായും ബിജെപിയുമായും ചര്‍ച്ച നടത്തുന്ന ഒരാളെ ഞങ്ങള്‍ എങ്ങനെയാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഞാന്‍ ഇന്നലെ അദ്ദേഹത്തോട് ദേഷ്യപ്പെട്ടു എന്നാണ് പരാതി.ശരിയാണ് ,ദേഷ്യപ്പെട്ടു. കാരണം, ഒരു ദിവസം ചാനലില്‍ കാണുന്നത് അദ്ദേഹം പ്രതിപക്ഷ നേതാവിനെ കാണുമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെടുമെന്നുമാണ്. എന്നിട്ട് എന്നെ കാണാന്‍ വന്നു. സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല, പക്ഷെ രാവിലെ ചാനലില്‍ വാര്‍ത്ത നല്‍കിയിട്ട് കാണാന്‍ വരുന്നത് പാര്‍ട്ടിയുടെ അച്ചടക്കത്തിന് ചേര്‍ന്നതല്ല. അതിന് ശാസിച്ചിട്ടുണ്ട്. ഞാന്‍ ഉമ്മന്‍ ചാണ്ടിയെ പോലെയോ രമേശ് ചെന്നിത്തലയെ പോലെയോ അല്ലെന്ന് അദ്ദേഹം പറഞ്ഞത് സത്യമാണ്. എന്തു പറഞ്ഞാലും അവര്‍ ദേഷ്യപ്പെടില്ല. അത് അവരുടെ രീതിയാണ്. എന്‍റെ രീതി അതല്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

അതേസമയെ മുതിര്‍ന്ന നേതാക്കളുമായി കൂട്ടായ ആലോചനയിലൂടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കള്‍ പോലും  എതിരാഭിപ്രായം പറയാതെഒപ്പം നിന്നു. ചേലക്കരയിലെയും പാലക്കാട്ടെയും യോഗങ്ങളില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ഒന്നിച്ചാണ് പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിലും ഈ രണ്ടു യോഗങ്ങളില്‍ പങ്കെടുക്കാനാണ് രമേശ് ചെന്നിത്തല എത്തിയത്. ഒരു ടീം ആയാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസില്‍ ആര്‍ക്കും ഒറ്റക്ക് തീരുമാനം എടുക്കാനാകില്ല. ഞാന്‍ ആ തീരുമാനം എടുക്കുന്നതില്‍ ഒരാളാണ്. അതുകൊണ്ടാണ് എനിക്കും കെപിസിസി അധ്യക്ഷനും ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞത്. മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാണ് തീരുമാനം എടുത്തത്.

കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ദൂതനായി എഡിജിപി അജിത് കുമാറിനെ വിട്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് ഞാനല്ലേ. എനിക്ക് മൃദു ഹിന്ദു സമീപനമാണോ അതിന്‍റെ  വിരോധം എന്നോടുണ്ട്. അജിത് കുമാറിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പൂരം കലക്കി ബിജെപിയെ സഹായിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ചതും പ്രതിപക്ഷമാണ്. കേരളത്തില്‍ ബിജെപി- സിപിഎം അവിശുദ്ധ ബാന്ധവമുണ്ടെന്നു പറഞ്ഞതും പ്രതിപക്ഷമാണ്. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് കണ്‍വീനറും ബിജെപിയുടെ കേന്ദ്രമന്ത്രിയും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് ആരോപിച്ചതും പ്രതിപക്ഷമാണ്. പ്രകാശ് ജാവദേദ്ക്കറെ മുഖ്യമന്ത്രിയും ഇ.പി ജയരാജനും സന്ദര്‍ശിച്ചപ്പോള്‍ വിമര്‍ശിച്ചതും പ്രതിപക്ഷമാണ്. എന്നിട്ടും മൃദുഹിന്ദുത്വമാണെന്ന് സിപിഎം പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും സതീശന്‍ ചൂണ്ടികാട്ടി.

എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നുണ്ട്. ജയിക്കാന്‍ വേണ്ടിയുള്ള നല്ല തീരുമാനം എടുത്തു. സീറ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് പോകുന്നവര്‍ക്ക് പാര്‍ട്ടിയോട് അത്രയെ ആത്മാര്‍ത്ഥതയുള്ളൂ. എനിക്ക് 1996 ല്‍ സീറ്റ് തന്നു. 1016 വോട്ടിന് തോറ്റു പോയി. അഞ്ച് വര്‍ഷവും അവിടെ നിന്ന് കഠിനാധ്വാനം ചെയ്ത് 2001ല്‍ വിജയിച്ചു. ആയിരത്തോളം വോട്ടിന് പരാജയപ്പെട്ട മഹേഷ് കരുനാഗപ്പള്ളിയില്‍ നിന്നും വിജയിച്ചു. ഇദ്ദേഹത്തിനും സീറ്റ് നല്‍കി. അവിടെ തന്നെ നിന്ന് വിജയിക്കാമായിരുന്നു. ഇനി ഒന്നര വര്‍ഷമല്ലെ തിരഞ്ഞെടുപ്പിനുള്ളൂ. ബിജെപിയുമായും സിപിഎമ്മുമായും ചര്‍ച്ച നടത്തുന്ന ആളെ ഞങ്ങള്‍ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും. അദ്ദേഹത്തിന്‍റെ ഇന്നലത്തെയും ഇന്നത്തെയും പത്രസമ്മേളനം കണ്ടപ്പോള്‍ നിങ്ങള്‍ക്ക് തന്നെ മനസിലായില്ലേ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Comments (0)
Add Comment