ഗ്വാളിയര്‍: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ഗ്വാളിയറില്‍ തുടക്കം. ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനെ 2-0 ത്തിന് തോല്‍പ്പിച്ചശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണിത്. അതെ സമയം ടെസ്റ്റ് ടീമിലെ ഒരാള്‍പ്പോലും ട്വന്റി-20 മത്സരത്തിനില്ല. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീം യുവനിരയ്ക്കാണ് പ്രാധാന്യം നല്‍കുന്നു.
വിക്കറ്റ് കീപ്പര്‍മാരായി മലയാളിയായ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവര്‍ ടീമിലുണ്ടെങ്കിലും സഞ്ജുവിന് മുന്‍ഗണനകിട്ടും. എന്നുമാത്രമല്ല, അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണറായി ഇറങ്ങാനും സാധ്യതയുണ്ട്. തുടര്‍ന്ന് സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുണ്ടാകും. ഫിനിഷര്‍ റോളില്‍ റിങ്കു സിങ്ങുമുണ്ട്.
ഐ.പി.എലില്‍ ശ്രദ്ധനേടിയ പേസര്‍ മായങ്ക് യാദവ് അരങ്ങേറ്റംകുറിച്ചേക്കും. ഇടംകൈ പേസര്‍ അര്‍ഷ്ദീപ് സിങ്ങും കൂടെയുണ്ടാകും. സ്പിന്നര്‍മാരായി രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരായിരിക്കും ഇറങ്ങുക. ബംഗ്ലാനിരയില്‍ നജ്മുല്‍ ഹൊസാന്‍ ഷാന്റോ നയിക്കുന്ന ടീമില്‍ പരിചയസമ്പന്നരായ ലിട്ടണ്‍ ദാസ്, മെഹ്ദി ഹസ്സന്‍ മിറാസ്, തൗഹീദ് ഹൃദോയ്, മഹ്മൂദുള്ള, ടസ്‌കിന്‍ അഹമ്മദ്, മുസ്താഫിസുര്‍ റഹ്മാന്‍ തുടങ്ങിയവരുണ്ട്.
ഗ്വാളിയറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.